ചണ്ഡീഗഡ്: പ്ലസ് ടു വിദ്യാർഥിനിയെ സ്കൂൾ ഗേറ്റിൽ വെച്ച് തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കി. രാവിലെ സ്കൂൾ ഗേറ്റിലൂടെ അകത്തേക്ക് കയറുകയായിരുന്ന പെൺകുട്ടിയെ മൂന്നംഗ സംഘം ബലമായി പിടിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ പ്രതികളായ മനീഷ്, അജയ് എന്നിവരെയും ഇരുവരുടെയും സുഹൃത്തായ മറ്റൊരു യുവാവിനെയും പൊലീസ് പിടികൂടി. ഹരിയാനയിലെ പൽവാൾ ജില്ലയിലാണ് സംഭവം.
രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടി. സ്കൂൾ ഗേറ്റിൽ വെച്ച് പ്രതികൾ കടന്നുപിടിക്കുകയും പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. സമീപത്തുള്ള വയലിൽ കൊണ്ടുപോയാണ് പ്രതികൾ കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
വിവരം പുറത്തു പറഞ്ഞാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ പെൺകുട്ടിയെ തൊട്ടടുത്തുള്ള ശ്മശാനത്തിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.