വെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടു, കടുത്ത ദേഹോപദ്രവമേൽപിച്ചു, ഒടുവിൽ ആരുമറിയാതെ കൊന്നു കളഞ്ഞു; സ്വന്തം മകനെ കൊലപ്പെടുത്തിയതിന് അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സിൻഡി സിങ് അറസ്റ്റിൽ
text_fieldsസിൻഡി സിങ്
വാഷിങ്ടൺ: അമേരിക്ക പിടികിട്ടാപ്പുള്ളികളായ കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സിൻഡി റൊഡ്രിഗസ് സിങ് ഇന്ത്യയിൽ അറസ്റ്റിൽ. 2022ൽ സ്വന്തം മകനെ കൊന്ന കുറ്റത്തിനാണ് യു.എസ് സിൻഡിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) തിരയുന്ന 10 പ്രധാന കുറ്റവാളികളുടെ പട്ടികയില്‍
നാലാമതായിരുന്നു ഈ 40 കാരി. സിൻഡിയുടെ അറസ്റ്റിനു പിന്നാലെ വൈറ്റ്ഹൗസ് പ്രത്യേക പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.
''യു.എസിലെ പിടികിട്ടാപ്പുള്ളികളായ 10 പേരിൽ നാലാമത്തെ കുറ്റവാളിയായെ ഏഴുമാസത്തെ അന്വേഷണത്തിനൊടുവിൽ പിടികൂടിയിരിക്കുന്നു. ട്രംപ് ഭരണകൂടത്തിന് നന്ദി. കൊലപാതകത്തിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനായി മറ്റൊരു രാജ്യത്തേക്ക് കടന്നതാണ് സിൻഡ് സിങ്. എല്ലാ ക്രിമിനലുകൾക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ് സിൻഡിയുടെ അറസ്റ്റ്. കുറ്റം ചെയ്ത് എവിടെ പോയി ഒളിച്ചാലും നിങ്ങൾ പിടിക്കപ്പെടും''-എന്നാണ് വൈറ്റ്ഹൗസിന്റെ കുറിപ്പിലുള്ളത്.
2024 ഒക്ടോബറിൽ സിൻഡിക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് സിൻഡിയെ എഫ്.ബി.ഐ കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 25000 ഡോളർ പ്രതിഫലവും പ്രഖ്യാപിക്കുകയുണ്ടായി.
മകൻ നോയൽ റൊഡ്രിഗസ് അൽവാരസിനെ കൊലപ്പെടുത്തിയതിനു ശേഷം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി സിൻഡി 2023 മാർച്ചിലാണ് യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നത്
2023 മാര്‍ച്ച് 22 ന് ടെക്‌സസില്‍വെച്ചാണ് സിന്‍ഡി റോഡ്രിഗസിനെ കണ്ടതായുള്ള അവസാന വിവരം ലഭിച്ചത്. സിന്‍ഡിയും ഭര്‍ത്താവ് അര്‍ഷ്ദീപ് സിങ്ങും ആറ് കുട്ടികളും ഇന്ത്യയിലേക്കുള്ള ഒരു അന്താരാഷ്ട്ര വിമാനത്തില്‍ കയറിയെന്നാണ് വിവരം. ഈ സമയം നോയല്‍ ഇവര്‍ക്കൊപ്പമില്ലായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഇത്. മെക്സിക്കൻ പൗരനാണ് നോയലിന്റെ പിതാവ്.
ഇന്ത്യൻ അധികൃതരുടെയും ഇന്റർപോളിന്റെയും സഹകരണത്തോടെയാണ് എഫ്.ബി.ഐ സിൻഡിയെ അറസ്റ്റ് ചെയ്തത്. നിയമം നടപ്പാക്കാൻ അതിർത്തികൾ തടസ്സമല്ലെന്നാണ് ഇതെ കുറിച്ച് എഫ്.ബി.ഐ ഡയറക്ടർ കാശ് പട്ടേൽ പ്രതികരിച്ചത്.
ഗുരുതരമായ ശ്വാസകോശ രോഗബാധിതനായ നോയൽ ഓക്സിജൻ സഹായം വേണ്ടി വന്നിരുന്നു. ഒരിക്കൽ വെള്ളം കുടിക്കാൻ ശ്രമിച്ചപ്പോൾ കുട്ടിയെ താക്കോൽ കൊണ്ട് അടിക്കുകയും ചെയ്തു. പല ദിവസങ്ങളിലും വെള്ളവും ഭക്ഷണവും നിഷേധിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ വസ്ത്രങ്ങള്‍ മാറ്റാന്‍ പോലും മാറ്റിയിരുന്നില്ല. ഭക്ഷണം വസ്ത്രത്തില്‍ ആവുന്നതിനാലാണ് കുട്ടിക്ക് ഭക്ഷണം നിഷേധിച്ചിരുന്നത്. കുട്ടി അമ്മയുടേയും രണ്ടാനച്ഛന്റേയും കൂടെയാണ് കഴിഞ്ഞിരുന്നത്. 2022 ഒക്ടോബറിലാണ് അവസാനമായി കുഞ്ഞിനെ ഇവര്‍ക്കൊപ്പം കണ്ടത്. എന്നാല്‍, കുട്ടിയെ കാണാതായതായി കുടുംബം പരാതി നല്‍കുന്നത് 2023 മാര്‍ച്ചില്‍ മാത്രമാണ്. പരാതി നല്‍കിയതിന് പിന്നാലെ സിന്‍ഡിയും രണ്ടാം ഭര്‍ത്താവും കുട്ടികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
ദുരൂഹമായിരുന്ന നോയൽ അൽവാരസിന്റെ തിരോധാനവും മരണവും. 2023 മാര്‍ച്ചിലാണ് ഈ ആറു വയസുകാരനെ കാണിനില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്. പിന്നീട് അമ്മ തന്നെ അവനെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് മറ്റൊരു സ്ത്രീക്ക് വില്‍ക്കുകയായിരുന്നു എന്ന് കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് ആരോപിച്ചാണ് ഇവര്‍ മകനെ മറ്റൊരു സ്ത്രീക്ക് വിറ്റത്. നോയലിന് ശേഷം സിന്‍ഡിക്ക് രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. ആറ് വയസുകാരന് പ്രേതബാധയാണെന്നും അവന്‍ തന്റെ ഇരട്ടക്കുട്ടികളെ ഉപദ്രവിക്കുമെന്നും അവർ വിശ്വസിച്ചു.
കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുമ്പോഴെല്ലാം കുട്ടി അവന്റെ മെക്‌സിക്കന്‍ സ്വദേശിയായ അച്ഛന്റെ കൂടെയാണ് എന്നാണ് താന്‍ വിശ്വസിച്ചിരുന്നത് എന്നാണ് സിന്‍ഡി പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് സിന്‍ഡിയുടെ ബന്ധു തന്നെയാണ് കുട്ടിയെ വിറ്റു എന്ന വിവരം നൽകി. പിന്നീട് അവന്റെ മരണവിവരവും പുറത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

