പള്ളിയിൽ മോഷണം നടത്തിയയാൾ 10 വർഷത്തിനുശേഷം പിടിയിൽ
text_fieldsസാൻജോസ്
അടൂർ: പള്ളിയിൽ മോഷണം നടത്തി ഒളിവിൽ കഴിഞ്ഞയാൾ 10 വർഷത്തിനുശേഷം പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര വടവൂർകോണം , ആരയൂർ ചെങ്കൽ എം.എസ്. ഭവനം വീട്ടിൽ സാൻ ജോസാണ് (39) പിടിയിലായത്. ആനന്ദപ്പള്ളി സെൻറ് കുറിയാക്കോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ 2011 ഏപ്രിൽ 25-നാണ് മോഷണം നടന്നത്. വഞ്ചികളും തിരുശേഷിപ്പും സൂക്ഷിച്ചിരുന്ന പേടകവും അതോടൊപ്പം പൂട്ടി സൂക്ഷിച്ചിരുന്ന വഞ്ചികൾ കുത്തിത്തുറന്ന് 75,000 രൂപയുടെ നാണയങ്ങളും നോട്ടുകളും പള്ളിയുടെ തെക്കുഭാഗത്തായി സൂക്ഷിച്ചിരുന്ന 75,000 രൂപ വിലവരുന്ന ഒരു ഓർഗണും മൈക്രോഫോണുകളും ഉൾപ്പെടെ 1,50,000 രൂപയുടെ മുതലുകളാണ് മോഷ്ടിച്ചത്. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
ജില്ല വിരലടയാള വിഭാഗം ഇൻസ്പെക്ടർ വി. ബിജുലാൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രതിയുടെ വിരലടയാളം മറ്റൊരു കേസിലെ വിരലടയാളവുമായി താരതമ്യം ചെയ്തു. ഈ വിവരമടങ്ങിയ റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്കു സമർപ്പിച്ചു. അടൂർ ഡിവൈ.എസ്.പി ആർ. ബിനു, സി.ഐ ടി.ഡി. പ്രജീഷ്, എസ്.ഐമാരായ സായി സേനൻ, സുരേന്ദ്രൻപിള്ള സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അമൽ, സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആനന്ദപ്പള്ളി സെൻറ് കുറിയാക്കോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

