'ചുപ് രഹോ'; വഴിതെറ്റിക്കാൻ ഹിന്ദി ഡയലോഗ്
text_fieldsകോട്ടൂളി പെട്രോൾ പമ്പ് കവർച്ച കേസിൽ അറസ്റ്റിലായ സാദിഖിനെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നു
കോഴിക്കോട്: കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് അരലക്ഷം കവർന്ന കേസിലെ പ്രതി മുൻ ജീവനക്കാരനും മലപ്പുറം എടപ്പാളിനടുത്ത കാലടി സ്വദേശിയുമായ സാദിഖ് (22) തന്ത്രങ്ങൾ പലതും പയറ്റിയിരുന്നതായി പൊലീസ്. ആദ്യമായി നടത്തുന്ന 'ഓപറേഷന്' കൃത്യമായ തയാറെടുപ്പുകൾ നടത്തി. ജാക്കറ്റും മുഖംമൂടിയുമണിഞ്ഞെത്തിയ സാദിഖ് പെട്രോൾ പമ്പ് ജീവനക്കാരനായ മുഹമ്മദ് റാഫിയെ കീഴ്പ്പെടുത്തുമ്പോൾ 'ചുപ് രഹോ' എന്ന് ഇടക്കിടെ പറഞ്ഞിരുന്നു.
ഉത്തരേന്ത്യക്കാരനായ മോഷ്ടാവാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഹിന്ദി 'ഡയലോഗ്'. എന്നാൽ, അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണിതെന്ന് പൊലീസിന് പ്രാഥമികമായിത്തന്നെ ബോധ്യമായി. വ്യാഴാഴ്ച അർധരാത്രി ഒരു മണിക്കൂറിലേറെ നേരം പതുങ്ങിയിരുന്ന ശേഷമാണ് പ്രതി പെട്രോൾ പമ്പ് ഓഫിസിലെത്തിയത്. പണം കവരുന്നതിനിടെ, പ്രതി ഏറെ പരിചിതമെന്നോണം സ്വിച്ച്ബോർഡിനടുത്തെത്തി ലൈറ്റ് ഓഫ് ചെയ്യുന്ന രീതി കണ്ടപ്പോൾ പെട്രോൾ പമ്പിന്റെ ഓഫിസുമായി ബന്ധമുള്ളയാളാണെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ താമസസ്ഥലത്തുനിന്ന് പിടികൂടിയ ശേഷം വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
സാദിഖിന്റെ പിതാവ് നേരത്തേ മരിച്ചതാണ്. മാതാവിനെ വീണ്ടും വിവാഹം കഴിച്ചയാൾ ദ്രോഹിച്ചതിനെ തുടർന്നാണ് സാദിഖ് കോഴിക്കോട്ടേക്ക് നാടുവിട്ടത്. പട്ടാളപ്പള്ളിയിൽവെച്ച് ഒരു മെഡിക്കൽ ഷോപ് ഉടമ സാദിഖിനെ ഒപ്പം കൂട്ടി. കുറച്ചുകാലം ഇദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു. നഗരത്തിലെ സ്കൂളിൽ പഠിച്ച സാദിഖ് മുക്കത്ത് പ്ലസ് ടുവിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. പിന്നീട് ഹോസ്റ്റലിലേക്ക് മാറി. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ബൈക്കെടുത്ത് ദീർഘദൂര യാത്ര പോകുന്നതാണ് പ്രതിയുടെ ഹോബി.
സിനിമകളിലെ കുറ്റകൃത്യങ്ങൾ പ്രതിക്ക് പ്രചോദനമായെന്ന് പൊലീസ്
'ധൂം' അടക്കം ചില സിനിമകളിലെ കുറ്റകൃത്യങ്ങൾ സാദിഖിന് പ്രചോദനമായതായി ഡി.സി.പി ആമോസ് മാമൻ. പബ്ജി ഗെയിമിനും അടിമയാണ് പ്രതി. വ്യാഴാഴ്ച പുലർച്ച ഒന്നരക്കാണ് കോട്ടൂളി നോബിൾ പെട്രോളിയംസിന്റെ ഓഫിസ് മുറിയിൽ പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്ന ജീവനക്കാരൻ മുഹമ്മദ് റാഫിയെ മുളകുപൊടിയെറിഞ്ഞ് കെട്ടിയിട്ടും കീഴ്പ്പെടുത്തിയും സാദിഖ് അരലക്ഷം രൂപ കവർന്നത്. ഡി.സി.പി ആമോസ് മാമന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശന്റെയും നാർക്കോട്ടിക് സെൽ എ.സി.പി എ.ജെ. ജോൺസന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ക്രിസ്ത്യൻ കോളജിന് സമീപമുള്ള താമസസ്ഥലത്തുനിന്ന് പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ചതിൽ 35000 രൂപ കണ്ടെടുത്തു. വായ്പയെടുത്ത് 2.25 ലക്ഷത്തിന്റെ ബൈക്ക് വാങ്ങിയ സാദിഖിന് തിരിച്ചടക്കാൻ പണം ആവശ്യമായപ്പോഴാണ് മോഷണത്തിനിറങ്ങിയത്. 10000 രൂപ ബൈക്കിന്റെയും 5000 രൂപ മൊബൈൽ ഫോണിന്റെയും വായ്പ തിരിച്ചടവിനായി ഉപയോഗിച്ചതായി പ്രതി മൊഴി നൽകി.
മെഡിക്കൽ കോളജ് പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തശേഷം കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഞ്ചുമാസത്തോളം നോബിൾ പെട്രോളിയംസിൽ ജോലിക്കാരനായിരുന്ന പ്രതി മൂന്നാഴ്ച മുമ്പാണ് പണി അവസാനിപ്പിച്ചത്. ആദ്യമായി നടത്തിയ മോഷണമായിരുന്നു ഇതെന്ന് ഡി.സി.പി ആമോസ് മാമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതിവിദഗ്ധമായ നീക്കങ്ങളിലൂടെയാണ് സംഭവം നടന്ന് രണ്ടുദിവസത്തിനകം കള്ളനെ പൊക്കാനിടയാക്കിയത്.
പെട്രോൾ പമ്പുമായി മുൻപരിചയമുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിന് പ്രാഥമികാന്വേഷണത്തിൽതന്നെ സൂചന കിട്ടിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ അതിസൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് സാദിഖാണ് മോഷ്ടാവെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം സ്വന്തം നാടായ എടപ്പാളിലേക്ക് പോയിരുന്നു. മറവഞ്ചേരി കാലടി സ്വദേശിയായ സാദിഖ് 13ാം വയസ്സിൽ നാടുവിട്ട് കോഴിക്കോട്ടെത്തിയതാണ്. പ്ലസ്ടു വരെ പഠിച്ചിട്ടുണ്ട്. ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

