കൊച്ചുതോവാള ചിന്നമ്മ കൊലക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ
text_fieldsകട്ടപ്പന കൊച്ചുതോവള കൊച്ചുപുരയ്ക്കൽ ജോർജിെൻറ ഭാര്യ ചിന്നമ്മയെ (60) കഴിഞ്ഞ ഏപ്രിൽ എട്ടിന് പുലർച്ച വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എട്ടുമാസം ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്നാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.പോസ്റ്റ്മോർട്ടത്തിലാണ് ചിന്നമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ചിന്നമ്മയും ഭർത്താവും മാത്രമാണ് സംഭവദിവസം വീട്ടിൽ ഉണ്ടായിരുന്നത്. ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങൾ കാണാതായത് മോഷണത്തിനിടെ നടന്ന കൊലപാതകമാണോയെന്ന സംശയത്തിനും ഇടയാക്കി. പുറത്തുനിന്ന് ആരെങ്കിലും വീടിെൻറ ഉള്ളിൽ കടന്ന് കൃത്യം നടത്തിയശേഷം രക്ഷപ്പെട്ടിരിക്കാമെന്നായിരുന്നു ആദ്യം പൊലീസിെൻറ നിഗമനം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒരു തെളിവും ലഭിക്കാതെവന്നതോടെ സംശയം ചിന്നമ്മയുടെ ഭർത്താവ് ജോർജിലേക്കും നീണ്ടു.
പുലര്‍ച്ച നാലരക്ക് ഉണർന്ന താൻ മുകളിലെ നിലയില്‍നിന്ന് താഴത്തെ നിലയിലെത്തിയപ്പോഴാണ് ചിന്നമ്മയെ മുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടതെന്നാണ് ജോർജിെൻറ മൊഴി. ദേഹത്തുണ്ടായിരുന്ന നാലുപവൻ വരുന്ന മാലയും വളയും കാണാതായി എന്നും ജോർജ് പറയുന്നു. എന്നാല്‍, കാതില്‍ കമ്മല്‍ ഉണ്ടായിരുന്നു. മുറിയിൽ സൂക്ഷിച്ചിരുന്ന മറ്റ് അഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നില്ല. കട്ടപ്പന പൊലീസിെൻറ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തു നടത്തിയ പരിശോധനയിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചെങ്കിലും പ്രതിയിലേക്ക് നയിക്കുന്ന തെളിവുകൾ ഉണ്ടായിരുന്നില്ല. ചിന്നമ്മയുടെ മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ കണ്ടെത്തിയിരുന്നില്ല. മുഖത്ത് രക്തം കണ്ടെത്തിയെങ്കിലും ഇത് മുറിവില്നിന്നുള്ളതല്ലെന്നാണ് പൊലീസ് നിഗമനം.എന്നാല്‍, വീടിെൻറ പിന്‍ഭാഗത്തെ വാതില്‍ തുറന്നുകിടന്നത് ദുരൂഹതക്ക് ഇടയാക്കുന്നുണ്ട്. തൃശൂരില്‍ മകളുടെ വീട്ടിലേക്ക് പോകാനിരിക്കെയാണ് രാവിലെ ചിന്നമ്മയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
ഭർത്താവ് ജോർജിനെ നിരവധിതവണ ചോദ്യം ചെയ്തെങ്കിലും ഒരു സുചനയും കിട്ടിയില്ല. തുടർന്ന്, പൊലീസ് കോടതിയെ സമീപിച്ചു നുണപരിശോധനക്ക് അനുവാദംവാങ്ങി. ജോർജിനെ നുണപരിശോധനക്ക് വിധേയനാക്കിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ലോക്കൽ പൊലീസിൽനിന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ജോർജിെൻറ മക്കളിൽ രണ്ടുപേര്‍ ആസ്ട്രേലിയയിലും ഒരാള്‍ കോട്ടയത്തും ഒരാള്‍ തൃശൂരിലുമാണ് താമസം. മക്കളോ ബന്ധുക്കളോ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. സംഭവം കൊലപാതകമാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും കട്ടപ്പന ഡിവൈ.എസ്. പി ഓഫിസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.
പരിശോധിച്ചത് കാൽലക്ഷം ഫോൺകാളുകൾ
കട്ടപ്പന: ചിന്നമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ പരിശോധിച്ചത് 25,000ലേറെ ഫോൺ കോളുകൾ. ആറുകിലോമീറ്റർ ചുറ്റളവിൽ സംഭവം നടന്ന സമയത്തെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.സംശയം തോന്നിയ ഫോൺ കോളുകളുടെ ഉടമകളെ ചോദ്യംചെയ്തു. സ്ഥിരം കുറ്റവാളികളുടെയും സംശയാസ്പദമായ കോളുകളും പരിശോധിച്ചു. എന്നാൽ, നിർണായകമാകാവുന്ന തെളിവുകളൊന്നും ലഭിച്ചില്ല. ഇതിനിടെ, അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതിനെ ആക്ഷൻ കൗൺസിൽ സ്വാഗതംചെയ്തു. നിരന്തരം തങ്ങൾ നടത്തിയ സമരങ്ങളാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ കാരണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കട്ടപ്പന ഡിവൈ.എസ്.പി ഓഫിസ് മാർച്ച് അടക്കം നിരവധി സമരങ്ങൾ നടത്തി. പ്രതികൾ എത്ര ഉന്നതരായാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും അവർ പറഞ്ഞു. ഭാരവാഹികളായ മാത്യു നെല്ലിപ്പുഴ, സിബി പാറപ്പായി, സിജു ചക്കുംമുട്ടിൽ, പ്രസാദ്, സന്തോഷ്, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.