ഛത്തിസ്ഗഢ് അക്രമം: അഞ്ചു പേർകൂടി അറസ്റ്റിൽ
text_fieldsഛത്തീസ്ഗഡിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ നടന്ന മെഴുകുതിരി പ്രാർഥനയിൽ പങ്കെടുക്കുന്ന ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ജെ. കൂട്ടോ, സലിം എൻജിനീയർ, എ.കെ. മർച്ചന്റ്, ബിഷപ്പ് പോൾ സ്വരൂപ്, നവൈദ് ഹമൈദ്, സ്വാമി ഗോസ്വാമി സുശീൽ മഹാരാജ്, റബ്ബി എസെക്കിയൽ, ഡോ. ജോൺ ദയാൽ തുടങ്ങിയവർ
നാരായൺപുർ (ഛത്തിസ്ഗഢ്): മതപരിവർത്തനം ആരോപിച്ച് ഛത്തിസ്ഗഢിലെ നാരായൺപുർ ജില്ലയിൽ ക്രിസ്ത്യൻ പള്ളി തകർത്തതടക്കമുള്ള സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അഞ്ചു പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി ഒന്നിന് എഡ്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോറ ഗ്രാമത്തിലാണ് സംഘർഷമുണ്ടായത്. ഇതുവരെ എട്ടു പേരെ അറസ്റ്റ് ചെയ്തതായി ബസ്തർ റേഞ്ച് ഐ.ജി സുന്ദർരാജ് പി പറഞ്ഞു. പ്രേംസാഗർ നേതം (48), ലച്ചു കരംഗ (32), സന്തുറാം ദുഗ്ഗ (35), പുനുറാം ദുഗ്ഗ (45), രാജ്മാൻ കരംഗ (46) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആദിവാസികൾ, ഗോത്രവർഗ ക്രിസ്ത്യാനികൾ, പൊലീസ് എന്നിവരിൽനിന്ന് ലഭിച്ച പരാതികളെത്തുടർന്ന് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
നാരായൺപുരിലെ ഗോത്രവർഗ മേഖലയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ ബി.ജെ.പി ജില്ല നേതാവ് ഉൾപ്പെടെ അഞ്ചു പേരെ ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചർച്ച് തകർത്ത സംഘം നാരായൺപുർ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തല തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നു. ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് സർവ ആദിവാസി സമാജത്തിന്റെ നേതൃത്വത്തിൽ നാരായൺപുരിൽ ബന്ദ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് നാരായൺപുരിലെ ചർച്ചിനുനേരെ ആക്രമണം അഴിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

