ചേർത്തല അനന്തു വധം; രണ്ട് പ്രതികൾക്ക് ജീവപര്യന്തം, 17 പ്രതികളിൽ ഏഴുപേർ പ്രായപൂർത്തിയാകാത്തവർ
text_fieldsചേർത്തല: കേരളത്തിൽ വലിയജനശ്രദ്ധയും രാഷ്ട്രീയ ചർച്ചക്കും ഇടയാക്കിയ ചേർത്തല അനന്തു വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും. കേസിലെ ഒന്നാം പ്രതിയും വയലാർ പഞ്ചായത്ത് 13ാം വാർഡ് തൈവിട്ടിൽ വീട്ടിൽ ശ്രീക്കുട്ടൻ (32), പത്താം പ്രതി ആറാം വാർഡ് പാറേഴത്ത് വീട്ടിൽ അതുൽ (28) എന്നിവർക്കാണ് ജീവ പര്യന്തം ശിക്ഷ. ഇവരെ സെൻട്രൽ ജയിലിലേക്ക് അയക്കുന്നതിന് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കേസിൽ ആകെ 17 പ്രതികളാണുള്ളത്. ഇതിൽ ഏഴുപേർ പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരുടെ വിചാരണ ചേർത്തലയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ പ്രത്യേക കോടതിയിലാണ് നടന്നത്. ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി മൂന്നിലെ ജഡ്ജി എം. ഷുഹൈബാണ് ശിക്ഷ വിധിച്ചത്. വയലാർ രാമവർമ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും വയലാർ പഞ്ചായത്ത് പട്ടണക്കാട് ഹൈസ്കൂളിന് പടിഞ്ഞാറുവശം കളപ്പുരയ്ക്കൽ വീട്ടിൽ താമസിക്കുന്ന അനന്തു (17) ആണ് കൊല്ലപ്പെട്ടത്. 2017 ഏപ്രിൽ അഞ്ച് ബുധനാഴ്ച രാത്രി 10.45നായിരുന്നു സംഭവം. വയലാർ നീലിമംഗലം രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് സുഹൃത്തിനൊപ്പം പോയ അനന്തുവിനെ ‘പ്രശ്നം സംസാരിച്ചു തീർക്കാം’ എന്ന് പറഞ്ഞ് പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. വയലാർ നീലിമംഗലം ഷാപ്പിന് എതിർവശത്തുള്ള മൈതാനത്ത് പതിനഞ്ചിലധികം പേരടങ്ങുന്ന സംഘം അനന്തുവിനെ ക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്തു.
തലയ്ക്കും കഴുത്തിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ സുഹൃത്ത് ബൈക്കിൽ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരണം സ്ഥിരീകരിച്ചു. സ്കൂൾ കാമ്പസിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പിന്നീട് കണ്ടെത്തൽ. സ്കൂളിലെ പെൺകുട്ടികളോട് പുറത്തുനിന്നുള്ള ചിലർ മോശമായി പെരുമാറിയതിനെ അനന്തുവും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം ആസൂത്രണം ചെയ്തത്.
സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്നത്തെ സബ് ഇൻസ്പെക്ടർ സി.സി. പ്രതാപചന്ദ്രനാണ് ചേർത്തല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ മോഹൻലാലിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത പ്രതികളെ അന്ന് മയ്ത്തറ ജുവനൈൽ ഹോമിലേക്കാണ് മാറ്റിയത്. കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് എസ്.സി.പി.ഒ. സനിൽ പി.ജെ., സി.പി.ഒ. അമൽ.സി എന്നിവർ സഹായികളായി പ്രവർത്തിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ എൻ.ബി.ഷാരിയും അഡ്വ.സമീനയും ഹാജരായി.

