നെന്മാറ സജിത കൊലക്കേസിൽ വിധി ശനിയാഴ്ച; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
text_fieldsകൊല്ലപ്പെട്ട സജിത, പ്രതി ചെന്താമര
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമരക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. പ്രോസിക്യൂഷൻ -പ്രതി ഭാഗങ്ങളുടെ വാദം കേട്ടശേഷമാണ് ശിക്ഷ വിധിക്കുന്നത് ശനിയാഴ്ചത്തേക്ക് പാലക്കാട് നാലാം അഡീഷനൽ ജില്ല കോടതി മാറ്റിയത്.
സാക്ഷികൾ അടക്കമുള്ളവർക്ക് ഭീഷണിയുള്ള പ്രതിയാണ് ചെന്താമരയെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി വധക്കേസ് പ്രതികൾക്ക് പരോൾ നൽകാതെ മരണംവരെ തടവുശിക്ഷ വിധിച്ചത് പോലെ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും ക്രിമിനൽ പശ്ചാത്തലമോ മദ്യപാനിയോ അല്ലാത്ത ആളാണ് ചെന്താമരയെന്നും പ്രതി ഭാഗം വാദിച്ചു. ശിക്ഷയിൽ ഇളവ് വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
അതിക്രമിച്ചുകടക്കൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കണ്ടെത്തിയ കോടതി പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കേസിൽ ആറു വർഷത്തിനു ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. സജിത വധക്കേസിൽ ശിക്ഷ വിധിക്കുന്നതോടെ ചെന്താമര തന്നെ പ്രതിയായ നെന്മാറ ഇരട്ടക്കൊലപാതക കേസിന്‍റെ വിചാരണ നടപടികൾ ആരംഭിച്ചേക്കും.
സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. 2019 ആഗസ്റ്റ് 31നാണ് അയൽവാസിയായ പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിലെ സജിതയെ (35) വീട്ടിൽ കയറി ചെന്താമര വെട്ടിക്കൊന്നത്. തുടർന്ന് രക്തം പുരണ്ട കൊടുവാൾ വീട്ടിൽവെച്ച് നെല്ലിയാമ്പതി മലയിൽ ചെന്താമര ഒളിവിൽ പോയി.
വിശന്നതോടെ രണ്ടു ദിവസത്തിനു ശേഷം മലയിറങ്ങിവന്നതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലായത്. ഭാര്യയും മകളും തന്നെ വിട്ടുപോകാൻ കാരണം സജിതയാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. പ്രതിയുടെ ഷർട്ടിന്‍റെ കഷണം നിർണായക തെളിവായിരുന്നു.
ഷർട്ട് ചെന്താമരയുടേതാണെന്ന് ഭാര്യ മൊഴി നൽകിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാളിൽ നിന്നും ചെന്താമരയുടെ മുണ്ടിൽ നിന്നും സജിതയുടെ രക്തം കണ്ടെത്തി. മൂന്നുമാസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീളുകയായിരുന്നു.
സജിത കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമര അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് ഇരട്ടക്കൊലപാതകത്തിലൂടെയാണ്. രണ്ടു വർഷത്തിലേറെ വിയ്യൂർ ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരൻ (55), മാതാവ് ലക്ഷ്മി (75) എന്നിവരെ പട്ടാപ്പകൽ വെട്ടിക്കൊന്നത്.
നെന്മാറ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും കേരളത്തിൽ നിന്ന് പുറത്തു പോകരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു സജിത കേസിൽ ചെന്താമരക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ, 17 മാസത്തിനു ശേഷം ജാമ്യത്തിൽ ഇളവ് തേടി കോടതിയെ സമീപിച്ചു. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ജാമ്യവ്യവസ്ഥ ചുരുക്കി. പിന്നാലെ കേരളത്തിന് പുറത്ത് പലയിടങ്ങളിലായി ജോലി നോക്കി.
ഇതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ച് നെന്മാറയിലെ വീട്ടിൽ ഇടക്കിടെ എത്തി. ജനുവരി 27നാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ജാമ്യവ്യവസ്ഥ ലംഘിച്ച് രണ്ടു മാസം മുമ്പ് നെന്മാറയിലെ വീട്ടിൽ സ്ഥിരതാമസമാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ 20 ദിവസത്തിനകം സജിത വധക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. മേയ് 27ന് കുറ്റപത്രം വായിച്ച് കേൾപ്പിച്ചെങ്കിലും ചെന്താമര കുറ്റം നിഷേധിച്ചു. ഫോറൻസിക് ലാബ് റിപ്പോർട്ട് പൊലീസിന് ലഭിച്ചതോടെ ആഗസ്റ്റ് നാലിന് വിചാരണ തുടങ്ങി.
ചെന്താമരയുടെ ഭാര്യയെയാണ് ആദ്യം വിസ്തരിച്ചത്. കൊലക്ക് ഉപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്നും ഇവർ മൊഴി നൽകി. പ്രതിയുടെ വസ്ത്രവും തിരിച്ചറിഞ്ഞു. ചെന്താമരയുടെ സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ എന്നിവർ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

