Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right‘ചെന്താമരയുടെ...

‘ചെന്താമരയുടെ പെരുമാറ്റം വിധിയെ ബാധിച്ചു, മാധ്യമങ്ങളാണ് ഈ ശിക്ഷാവിധിയിലേക്ക് എത്തിച്ചത്’ -പ്രതിഭാഗം അഭിഭാഷകൻ

text_fields
bookmark_border
‘ചെന്താമരയുടെ പെരുമാറ്റം വിധിയെ ബാധിച്ചു, മാധ്യമങ്ങളാണ് ഈ ശിക്ഷാവിധിയിലേക്ക് എത്തിച്ചത്’ -പ്രതിഭാഗം അഭിഭാഷകൻ
cancel
camera_alt

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാവിധി കേട്ട ശേഷം പ്രതി ചെന്താമരയെ തിരികെ ജയിലിലേക്ക് കൊണ്ടുപോകാനായി പൊലീസ് വാഹനത്തിൽ കയറ്റുന്നു 

പാലക്കാട്: വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ജേക്കബ് മാത്യു. വിധിയെ കുറിച്ച് ആശങ്കയില്ല. മാധ്യമങ്ങളാണ് ഈ ശിക്ഷാവിധിയിലേക്ക് എത്തിച്ചത്. തെളിവുകളുടെ പിന്‍ബലം ഈ ശിക്ഷാവിധിക്കില്ലെന്ന് ബോധ്യമുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും മെഡിക്കൽ തെളിവുകളും കൃത്യതയോടെ തെളിയിക്കാന്‍ പറ്റിയിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന് എതിരാണ്.

അതേസമയം പ്രതിയുടെ സമീപനം കോടതിവിധിയെ സാരമായി ബാധിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിനന്ദനം പ്രോസിക്യൂഷന്‍ മികവിനുള്ളതാണെന്ന് കരുതുന്നില്ലെന്നും ജേക്കബ് മാത്യു പറഞ്ഞു. കൊലക്ക് ഉപയോഗിച്ച ആയുധത്തില്‍ പ്രതിയുടെ കോശങ്ങൾ കണ്ടെത്തിയെന്ന് പറയുന്നു. എന്നാല്‍, ശരീരത്തിലെ മുറിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് പ്രോസിക്യൂട്ടറുടെ പരാജയമാണ്. ഇതില്‍നിന്ന് തന്നെ തെളിവ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് മനസ്സിലാകുമെ ജേക്കബ് മാത്യു പറഞ്ഞു.

വിധിയിൽ സന്തോഷം -സുധാകരന്‍റെ മക്കൾ

പാലക്കാട്: ചെന്താമര മരിക്കും വരെ തങ്ങൾക്ക് പേടിയാണെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അഖിലയും അതുല്യയും. പ്രതിക്ക് വധശിക്ഷ കിട്ടണമെന്നാണ് വിചാരിച്ചത്. അതുപോലെതന്നെ വിധിവന്നു. അതിൽ സന്തോഷമുണ്ട്. കോടതിയിലുള്ള വിശ്വാസം കൂടി. ഇനി അയാള്‍ ജയിൽ ചാടാതിരുന്നാല്‍ മതി. പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ കോടതിവിധി കേട്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഖിലയും അതുല്യയും.

അച്ഛനും അമ്മയും ഇല്ലാതായതിന്റെ സങ്കടമുണ്ട്. വിധി കേട്ടിട്ടും പ്രതിക്ക് ഭാവഭേദമില്ല. അയാളുടെ രൂപസാദൃശ്യമുള്ളവരെ കണ്ടാല്‍തന്നെ ടെന്‍ഷനാവും. അയാള്‍ പുറത്തിറങ്ങിയാല്‍ തങ്ങളെയും കൊല്ലുമെന്നറിയാം. അയാളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാവില്ലെന്നത് 100 ശതമാനം ഉറപ്പാണെന്നും അഖിലയും അതുല്യയും പറഞ്ഞു.

ശിക്ഷാവിധി കൂട്ടായ പരിശ്രമത്തിന്‍റെ ഫലം -ഡിവൈ.എസ്.പി

പാലക്കാട്: എല്ലാ കണ്ടെത്തലുകളും കോടതി ശരിവെച്ചതായി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എന്‍. മുരളീധരന്‍. അന്വേഷണ സംഘത്തിന്റെയും മേല്‍നോട്ട ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് വിധി. പ്രധാന സാക്ഷികളുടെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ദൃക്‌സാക്ഷി ഉള്‍പ്പെടെ നാല് സാക്ഷികള്‍ കൂറുമാറിയിട്ടും അത് കേസിനെ ബാധിക്കാതിരുന്നത്. സാക്ഷികളുടെ ഗൂഗിള്‍ ടൈംലൈനും എടുത്തിരുന്നു.

പ്രതി ഇടംകൈയനാണോ വലംകൈയനാണോ എന്നതിനും മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്നോ എന്നതിനുമൊക്കെ കൃത്യമായി തെളിവുകള്‍ എടുത്തിരുന്നു. സജിത കൊലക്കേസില്‍ ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഫലം കിട്ടാന്‍ അഞ്ച് വര്‍ഷമെടുത്തു. ഇത്തവണ പതിനാലാം ദിവസം തന്നെ തൃശൂര്‍ പൊലീസ് അക്കാദമിയിലുള്ള റീജനല്‍ ഫോറന്‍സിക് ലാബില്‍ നിന്ന് ഡി.എന്‍.എ പരിശോധനയുടേത് ഉള്‍പ്പെടെയുള്ള ഫലം കിട്ടിയതും സഹായകമായെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ഹമായ ശിക്ഷ -പബ്ലിക് പ്രോസിക്യൂട്ടർ

പാലക്കാട്: പ്രതി ചെന്താമരക്ക് കോടതി വധശിക്ഷ വിധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജെ. വിജയകുമാര്‍. കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന് അര്‍ഹമായ ശിക്ഷകിട്ടി. അന്വേഷണ ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയും സഹകരണമാണ് ഇത്തരമൊരു വിധി ലഭിക്കാന്‍ കാരണമായത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കോടതി കണ്ടെത്തി. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി.

ശാസ്ത്രീയ പരിശോധനയില്‍ കൊടുവാളില്‍നിന്ന് പ്രതിയുടെ കോശങ്ങൾ കണ്ടെത്തിയത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ വിധി നിര്‍ണയത്തിന് സഹായകരമായി. കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സാക്ഷികള്‍ക്കും പ്രോസിക്യൂഷന്‍ സംഘത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പരോൾ അനുവദിക്കുമ്പോൾ ഭീഷണി നേരിടുന്നവർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട പ്ര​തി ചെ​ന്താ​മ​ര​ക്ക് ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ പ​രോ​ള്‍ അ​നു​വ​ദി​ച്ചാ​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​ര്‍ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ട​തി. 132 പേ​ജു​ള്ള വി​ധി​ന്യാ​യ​ത്തി​ലാ​ണ് പാ​ല​ക്കാ​ട് അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് കോ​ട​തി (നാ​ല്) ജ​ഡ്ജി കെ​ന്ന​ത്ത് ജോ​ര്‍ജ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട സ​ജി​ത, സു​ധാ​ക​ര​ന്‍, ല​ക്ഷ്മി എ​ന്നി​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ക്കും അ​യ​ല്‍വാ​സി​ക​ള്‍ക്കും കേ​സി​ലെ ഏ​ഴ്, ഒ​മ്പ​ത്, 54 സാ​ക്ഷി​ക​ളാ​യ പു​ഷ്പ, പ​ര​മേ​ശ്വ​ര​ന്‍, ന​ന്ദി​നി എ​ന്നി​വ​ര്‍ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

ഇ​ര​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​കോ​പ​നം ഇ​ല്ലാ​തെ​യാ​ണ് പ്ര​തി കു​റ്റ​കൃ​ത്യം ചെ​യ്ത​ത്. സു​ധാ​ക​ര​ന്റെ മ​ക്ക​ള്‍ക്ക് ചെ​ന്താ​മ​ര ഭീ​ഷ​ണി​യാ​ണ്. കൊ​ല​പാ​ത​ക​ങ്ങ​ള്‍ ചെ​യ്ത​തി​ല്‍ പ്ര​തി​ക്ക് കു​റ്റ​ബോ​ധ​മി​ല്ല. ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തെ പ്ര​തി തു​ട​ര്‍ച്ച​യാ​യി ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ കൊ​ല​പാ​ത​ക കേ​സി​ല്‍ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം വി​ധി​ച്ചി​ട്ടു​ണ്ട്. മു​ന്‍ കേ​സ് ശി​ക്ഷ​യി​ല്‍ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് പ്ര​തി​ഭാ​ഗം പ​റ​ഞ്ഞി​രു​ന്നു. പ്ര​തി​ക്ക് കു​റ്റ​ബോ​ധ​മു​ണ്ടെ​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

പ്രതി വീണ്ടും ജാമ്യത്തിലിറങ്ങുമോയെന്ന ആശങ്കയിൽ നാട്ടുകാർ

നെന്മാറ: ഒന്നര വർഷം മുമ്പ് തിരുത്തംപാടം ബോയൻ കോളനിയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിക്ക് ലഭിച്ചത് അർഹിച്ച ശിക്ഷയെന്ന് നാട്ടുകാർ. നാടിനെ നടുക്കിയ അരുംകൊലയിൽ പ്രതിക്കെതിരെ നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധമായിരുന്നു ഉയർന്നത്.

അയൽവാസിനിയായ വീട്ടമ്മ സജിതയെ (35) അഞ്ചുവർഷം മുമ്പ് വെട്ടിക്കൊലപെടുത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് ചെന്താമര ജാമ്യത്തിലിറങ്ങി സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയത്. ജാമ്യവ്യവസ്ഥ പ്രകാരം നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നെങ്കിലും അതവഗണിച്ച് ചെന്താമര സ്വന്തം വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. വീണ്ടും കൊല നടത്തുമെന്ന് ഭീഷണി മുഴക്കിയതോടെ നാട്ടുകാർ പോലീസിൽ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും നെന്മാറ പോലീസ് ഗൗരവമായി എടുത്തിരുന്നില്ല. പോലീസ് വീഴ്ചയിൽ അന്നത്തെ സി.ഐ ആയിരുന്ന മഹേന്ദ്രസിംഹനെ സസ്പെൻഡ് ചെയ്യുകയും അന്വേഷണം ഡിവൈ.എസ്.പിയായിരുന്ന മുരളിധരൻ ഏറ്റെടുക്കുകയും ചെയ്തു.

സജിത കൊലപാതകത്തിൽ ചെന്താമരക്ക് ജില്ല കോടതി ഇരട്ടജീവപര്യന്തം വിധിച്ചത് ഒരു വർഷം മുമ്പായിരുന്നു. സജിത വധക്കേസിൽ സാക്ഷിയായിരുന്ന പുഷ്പക്ക് നേരെയും പ്രതി ചെന്താമര വധഭീഷണി മുഴക്കിയിരുന്നു. തുടർന്ന് പുഷ്പ തമിഴ്‌നാട്ടിൽ കഴിയുകയാണ്. സ്വന്തം ഭാര്യക്ക് നേരെയും ചെന്താമരയുടെ വധഭീഷണിയുണ്ട്. വധശിക്ഷ വിധിച്ചതിൽ നാട്ടുകാർക്ക് ആശ്വാസമുണ്ടെങ്കിലും മുമ്പത്തെപ്പോലെ ജാമ്യം കിട്ടി നാട്ടിലെത്തുമോയെന്ന ആശങ്കയിലാണ് ഇവർ.

ശിക്ഷാവിധി ഒന്നര വർഷത്തിന് ശേഷം

പാലക്കാട്: 2025 ജനുവരി 27നാണ് കേരളത്തെയാകെ ഞെട്ടിച്ച നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം നടന്നത്. അയൽവാസികളായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും വഴിയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി ചെന്താമര ഓടി ര‍ക്ഷപ്പെട്ടു. ചെന്താമരക്കായി രണ്ട് ദിവസമാണ് പൊലീസ് തിരച്ചിൽ നടത്തിയത്. ചെന്താമരയുടെ വീടിനോട് ചേര്‍ന്ന മലയിടുക്കില്‍ പൊലീസും നാട്ടുകാരും ചേര്‍ന്നായിരുന്നു രാത്രിയും പകലും തിരച്ചില്‍ നടത്തിയത്. ജനുവരി 28ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽനിന്ന് ചെന്താമരയെ പൊലീസ് പിടികൂടി. ഫെബ്രുവരി അഞ്ചിന് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

2019ൽ സുധാകരന്‍റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ 2022ല്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയില്‍ താമസിച്ചിരുന്നത്. കേസിലെ സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മാര്‍ച്ച് മൂന്നിന് രേഖപ്പെടുത്തി. മാര്‍ച്ച് 25ന് കേസില്‍ 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. 132 സാക്ഷികളും 30ലധികം രേഖകളും ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. ഫെബ്രുവരി 23 മുതല്‍ മേയ് ആറു വരെ കേസിന്റെ വിചാരണ നടന്നു. 132 സാക്ഷികളില്‍ നാലുപേര്‍ കൂറുമാറി.

2026 ജൂണ്‍ ആറിന് വിധി പറയുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും ജഡ്ജിയുടെ അസുഖത്തെ തുടര്‍ന്ന് കേസ് മാറ്റിവെച്ചു. ജൂണ്‍ 13ന് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ജൂണ്‍ 15ന് ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട കോടതി വിധി ജൂണ്‍ 20ലേക്ക് മാറ്റി. ജൂണ്‍ 20ന് ചെന്താമരക്ക് വധശിക്ഷ വിധിച്ചു.

കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ബി.എൻ.എസ് 103(1), 126 (2) വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ആകെ 81 സാക്ഷികളില്‍ 46 പേരുടെ മൊഴികളാണ് കോടതിയില്‍ വായിച്ചുകേള്‍പ്പിച്ചത്. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചിരുന്നെങ്കിലും അന്തിമവാദങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിലെ ഒരേയൊരു പ്രതിയാണ് ചെന്താമര.

വധശിക്ഷാവിധി കേട്ടിട്ടും കൂസലില്ലാതെ ചെന്താമര

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി ഇ​ര​ട്ട​ക്കൊ​ല കേ​സി​ന്‍റെ വി​ചാ​ര​ണ​യി​ലു​ട​നീ​ള​വും വി​ധി പ്ര​സ്താ​വി​ക്കു​മ്പോ​ഴും ഭാ​വ​ഭേ​ദ​മി​ല്ലാ​തെ പ്ര​തി ചെ​ന്താ​മ​ര. വി​ധി കേ​ൾ​ക്കാ​നാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.40ഓ​ടെ ചെ​ന്താ​മ​ര​യെ കോ​ട​തി​യി​ലെ​ത്തി​ച്ചു. ക​ന​ത്ത പൊ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് മ​ല​മ്പു​ഴ ജി​ല്ല ജ​യി​ലി​ൽ​നി​ന്ന് പ്ര​തി​യെ കോ​ട​തി​യി​ലെ​ത്തി​ച്ച​ത്. ര​ണ്ടാ​മ​ത്തെ കേ​സ് ആ​യാ​ണ് ഇ​ര​ട്ട​ക്കൊ​ല കേ​സ് പ​രി​ഗ​ണി​ച്ച​ത്. ജ​ഡ്ജി വി​ധി വാ​യി​ക്കു​മ്പോ​ൾ അ​ക്ഷോ​ഭ്യ​നാ​യാ​ണ് പ്ര​തി നി​ന്ന​ത്. ശേ​ഷം വി​ധി എ​ന്താ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു​കൊ​ടു​ത്ത​പ്പോ​ഴും ചെ​ന്താ​മ​ര​ക്ക് ഭാ​വ​ഭേ​ദ​മു​ണ്ടാ​യി​ല്ല.

വി​ധി​ക്ക് ശേ​ഷം ഉ​ച്ച​യോ​ടെ പ്ര​തി​യെ തി​രി​കെ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ടൗ​ൺ സൗ​ത്ത് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി​യ ശേ​ഷം വി​യ്യൂ​ർ അ​തീ​വ​സു​ര‍ക്ഷാ ജ​യി​ലി​ലേ​ക്കാ​ണ് ചെ​ന്താ​മ​ര​യെ കൊ​ണ്ടു​പോ​യ​ത്. ചെ​ന്താ​മ​ര​യു​ടെ വി​ധി​പ്ര​സ്താ​വം അ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ കോ​ട​തി​യ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ മു​ത​ൽ എ​ത്തി​യി​രു​ന്നു. ജൂ​ലൈ 13ന് ​കേ​സി​ൽ ചെ​ന്താ​മ​ര​യെ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്ന് കോ​ട​തി ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചെ​ന്താ​മ​ര മ​റു​പ​ടി പ​റ​ഞ്ഞ​ത്. വ​ധ​ശി​ക്ഷ കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന് ജ​ഡ്ജി പ​റ​ഞ്ഞ​പ്പോ​ൾ ‘എ​ന്നാ​ൽ തൂ​ക്കി​ക്കൊ​ന്നോ​ളൂ’ എ​ന്നാ​യി​രു​ന്നു ചെ​ന്താ​മ​ര​യു​ടെ മ​റു​പ​ടി.

1. പോത്തുണ്ടി ഇരട്ടക്കൊല കേസിലെ വിധി കേട്ടശേഷം പുറത്തുവരുന്ന സുധാകരന്‍റെ മക്കളായ അഖിലയും അതുല്യയും, 2. പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു, 3. ഡിവൈ.എസ്.പി എൻ. മുരളീധരൻ, 4. ജഡ്ജി കെന്നത്ത് ജോർജ്, 5. പ്രോസിക്യൂട്ടര്‍ എം.ജെ. വിജയകുമാർ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medialawyerdefenseVERDICTBehavioraffectedsentencingdeliveredChenthamara
News Summary - 'Chenthamara's behavior affected the verdict, the media led to this conviction' - Defense lawyer
Next Story