ചെമ്പകമംഗലത്ത് വീട്ടിൽ കയറി ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ
text_fieldsവിപിൻ ലാൽ
മംഗലപുരം: വീട്ടിൽ കയറി വീട്ടുകാരെ ആക്രമിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. ചെമ്പകമംഗലം ആലപ്പുറംകുന്ന് സ്വദേശി ആകാശിനെയും കുടുംബത്തെയും അക്രമിച്ച കേസിലെ പ്രതിയായ കുടവൂർ ചേനവിളയിൽ വിപിൻ ലാലി(34)നെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 19നാണ് ആക്രമണം നടന്നത്. വിപിൻ ലാലും നേരെത്തെ അറസ്റ്റിലായ മുജീബും ബൈജുവും ഒളിവിലുള്ള ഷാനവാസും ചേർന്ന് ആകാശിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആകാശിനെയും അമ്മ മഞ്ജുള, പിതാവ് ഹരിദാസ്, മഞ്ജുളയുടെ മാതാവ് സുജാത എന്നിവരെ മർദിക്കുകയും വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു. ആകാശിന് തലക്കാണ് വെട്ടേറ്റത്. അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവിലുള്ള ഷാനവാസ് കഴിഞ്ഞ ദിവസം പൊലീസ് എത്തിയതറിഞ്ഞ് പാചകം ചെയ്തുകൊണ്ടിരുന്ന ആഹാരം വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസാണ് ആഹാരസാധനം വലിച്ചെറിഞ്ഞതെന്ന് സുഹൃത്തിനെകൊണ്ട് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. സോഷ്യൽ മീഡിയ വഴി മതസ്പർധ വളർത്തിയതിനെതിരെ അന്വേഷണം ആരംഭിച്ചതായി മംഗലപുരം ഇൻസ്പെക്ടർ സിജു പറഞ്ഞു.

