ബംഗളൂരു: യുവാവിന്‍റെയും യുവതിയുടെയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തി. കർണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. യശ്വന്ത് (23), ജ്യോതി (23) എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തങ്ങൾ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മരിച്ചവരിലൊരാൾ രക്ഷിതാവിന് സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു.
മെയ് 18ന് യുവാക്കൾ ക്ലാസും ഇന്‍റർവ്യൂവും ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. തിരിച്ചെത്താതായപ്പോൾ വീട്ടുകാർ ബംഗളൂരുവിലെ ഹെബ്ബാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മരിക്കുന്നതിന് മുമ്പ് ബംഗളൂരുവിലെ ആർ.ടി നഗറിൽ ഇരുവരും താമസിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്ക് തീപിടിച്ച വാഹനം കണ്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തീപിടിത്തത്തിൽ വാഹനം പൂർണമായും കത്തി നശിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.