തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി: ചങ്ങരംകുളം സ്വദേശികൾ പിടിയിൽ
text_fieldsചങ്ങരംകുളം: നന്നംമുക്ക് സ്രായിക്കടവില്‍ ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ചോദ്യം ചെയ്തവരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികള്‍ അറസ്റ്റില്‍. സംഭവത്തിനു പിന്നാലെ വിവിധ ജില്ലകളിലേക്ക് രക്ഷപ്പെട്ട ചങ്ങരംകുളം അയനിച്ചോട് കൊട്ടാരത്തു വളപ്പില്‍ മുബഷിര്‍ (20), അമയില്‍, തെക്കു വളപ്പില്‍ മുഹമ്മദ് ബാസില്‍ (22), ആലങ്കോട് കിഴിഞ്ഞാലില്‍ ഷാബില്‍ (18), പള്ളിക്കര മണ്ണാന്‍ പടി ഫവാസ് (20) എന്നിവരാണ് അറസ്റ്റിലായത്.
ക്രിസ്മസ് ദിനത്തില്‍ സ്രായിക്കടവില്‍ അപകടകരമായ രീതിയില്‍ ജനങ്ങള്‍ക്കിടയിലൂടെ ബൈക്കുമായി എത്തി അഭ്യാസം നടത്തിയിരുന്നു. വിനോദ സഞ്ചാരത്തിനായി എത്തിയ നിരവധി ആളുകളുടെ ഇടയിലൂടെയാണ് ബൈക്കോടിച്ചത്. കുന്നംകുളം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സൂരജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്, മണികണ്ഠന്‍, ബസന്ത്, എ.എസ്.ഐ വർഗീസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹംദ്, അബ്ദുല്‍ റഷീദ്, സുജിത്കുമാര്‍, ഗംഗേഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.