'ചന്ദ്രിക' സാമ്പത്തിക ഇടപാട്: മുഈൻഅലി തങ്ങൾ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല
text_fieldsകൊച്ചി: 'ചന്ദ്രിക' ദിനപത്രത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈൻഅലി തങ്ങൾ ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ഹാജരാകാൻ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസത്തേക്ക് മൊഴിയെടുപ്പ് മാറ്റണമെന്നും ചൂണ്ടിക്കാട്ടി മുഈൻഅലി അന്വേഷണ ഉദ്യോഗസ്ഥന് ഇമെയിൽ അയക്കുകയായിരുന്നുവെന്ന് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.
ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് മുഈൻഅലിയോട് ആവശ്യപ്പെട്ടിരുന്നത്. ഹാജരാകാനുള്ള പുതിയ തീയതി ചൂണ്ടിക്കാട്ടി നോട്ടീസ് ഇ.ഡി. പുറപ്പെടുവിക്കും. ചന്ദ്രികയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളാണ് മുഈൻഅലിയെ ചുമതലപ്പെടുത്തിയത്.
ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഈൻഅലി വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു. ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടറും കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനുമായ മുഹമ്മദ് സമീർ ആണ് സ്ഥിതിഗതി വഷളാക്കിയതെന്നും മുഈൻ അലി ആരോപിച്ചിരുന്നു.
പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അഴിമതിവഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാൻ 'ചന്ദ്രിക' ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില് ഹൈകോടതി നിർദേശ പ്രകാരമാണ് ഇ.ഡി കേസ് എടുത്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പത്രത്തിെൻറ ഫിനാൻസ് ഡയറക്ടർ മുഹമ്മദ് സമീർ എന്നിവരിൽ നിന്ന് ഇന്നലെ ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു.
പത്രത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന സമീർ, പണം പിൻവലിച്ചത്, ജീവനക്കാരുടെ ശമ്പളം, പി.എഫ് എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയിരുന്നു.