സ്കൂളിൽ കയറി വിദ്യാർഥിനികൾക്ക് നേരെ ആക്രമണം; പ്രതിയെ വെടിവെച്ച് പൊലീസ്
text_fieldsവിദ്യാർഥിനികൾക്കുനേരെ ആക്രമണം നടത്തിയ പ്രതി ഹേമന്ത്
അനന്തപൂർ : ആന്ധ്രപ്രദേശിൽ ക്ലാസ് മുറിക്കുള്ളിൽ കടന്നുകയറി വിദ്യാർഥിനികളെ ഇലക്ട്രിക് ചെയിൻസോ ഉപയോഗിച്ച് ആക്രമിച്ച യുവാവ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വെടിവെപ്പ്. നേരത്തെ ആക്രമണത്തിൽ രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികൾക്ക് പരിക്കേറ്റിരുന്നു. അനന്തപൂർ ജില്ലയിലെ റാപ്താഡു സർക്കാർ ഹൈസ്കൂളിലാണ് സംഭവം.
ഒക്ടോബർ 31ന് ക്ലാസ് മുറിയിലെത്തിയ 21കാരനായ ഹേമന്ത് രണ്ട് വിദ്യാർഥിനികളെ ആക്രമിക്കുകയായിരുന്നു. വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെ കാരണം എന്നാണ് പ്രാഥമിക വിവരം. ഇതിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ നവംബർ ഒന്നിന് അത്മകൂർ വനമേഖലയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ കത്തിയുമായി പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്കു നേരെ പൊലീസ് വെടിയുതിർത്തു.
വെടിയേറ്റ ഹേമന്തിനെ ഉടൻ കസ്റ്റടിയിലെടുത്ത് അനന്തപൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹേമന്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, ആശുപത്രിയിലെത്തി പെൺകുട്ടിയെ സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷ് തുടർചികിത്സക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് കുടുംബത്തിന് ഉറപ്പുനൽകി. സ്കൂളുകളിലെ കുട്ടികളുടെ സുരക്ഷ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

