മാല പൊട്ടിച്ചശേഷം വസ്ത്രംമാറി കടന്നുകളഞ്ഞ പ്രതിയും സഹായിയും പിടിയിൽ
text_fieldsനിവാസ് അലി, ബാസിത്
കോഴിക്കോട്: സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്തശേഷം വസ്ത്രം മാറി കടന്നുകളഞ്ഞ പ്രതിയും സഹായിയും പിടിയിൽ. നല്ലളം ളളിശ്ശേരിക്കുന്ന് നടവട്ടംപറമ്പ് ആയിഷാസിൽ നിവാസ് അലി (39), ഇയാൾ മോഷ്ടിച്ച് കൊണ്ടുവരുന്ന സ്വർണം വിറ്റുകൊടുക്കാൻ സഹായിക്കുകയും അതിൽനിന്ന് പങ്കുപറ്റുകയും ചെയ്ത നല്ലളം കണ്ണാരമ്പത്ത് ബാസിത് (36) എന്നിവരെയാണ് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും പന്നിയങ്കര ഇൻസ്പെക്ടർ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ 18നാണ് സംഭവം. പന്നിയങ്കര വി.കെ. കൃഷ്ണമേനോർ റോഡിലൂടെ നടന്നുപോവുകയായിരുന്ന പന്നിയങ്കര തിരുനിലം വയൽ സ്വദേശിനി ശീലാവതിയുടെ ഒരു പവന്റെ സ്വർണമാലയാണ് സ്കൂട്ടറിൽ വന്ന് പൊട്ടിച്ചുകടന്നത്. നിവാസ് അലി മാലപൊട്ടിക്കാൻ ഇറങ്ങുന്നത് കടുത്ത കളറിലുള്ളതും പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതുമായ ഷർട്ട് ധരിച്ചാണ്. മാല പൊട്ടിച്ചെടുത്താൽ അൽപദൂരം പോയി ധരിച്ചിരിക്കുന്ന കളർ ഷർട്ട് മാറ്റി കൈയിൽ കരുതിയ ഇളം കളർ ഷർട്ടിട്ട് യാത്ര തുടരും. നാട്ടുകാരും പൊലീസും കടും കളർ ഷർട്ടിട്ട ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോൾ പെട്ടെന്ന് തടിതപ്പാനാണ് ഇയാൾ ഈ രീതി പിന്തുടരുന്നത്.
സംഭവ ദിവസം സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ഫറോക്ക് ക്രൈം സ്ക്വാഡിന് പ്രതി സഞ്ചരിച്ച സ്കൂട്ടറിനെപ്പറ്റി വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം അന്വേഷിച്ചതിൽ ഈ വാഹനം കസബ സ്റ്റേഷൻ പരിധിയിലെ ചാലപ്പുറത്തുനിന്ന് മോഷണം പോയതാണെന്ന് വ്യക്തമായി. സ്കൂട്ടർ മോഷ്ടിക്കുന്നതിനു മുമ്പ് ചാലപ്പുറം ഭാഗത്തുനിന്ന് പ്രായമായ സ്ത്രീയെ ഉപദ്രവിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടപ്പോഴാണ് സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞത്. മാല മോഷണത്തിനുശേഷം വാഹനം സിറ്റിയിൽ ഉപേക്ഷിക്കുകയും സ്വർണം വിറ്റ് കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ആർഭാട ജീവിതം നയിക്കുകയുമായിരുന്നു.
പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും മുൻപ് സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞതിനും സ്ത്രീകളെ ശല്യം ചെയ്തതിനും പന്നിയങ്കര, നല്ലളം സ്റ്റേഷനുകളിലും വാഹന മോഷണത്തിന് കസബ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. പുതിയ ഇരകളെ കണ്ടെത്താൻ ശ്രമിക്കുന്ന സമയത്ത് അഴകൊടി ക്ഷേത്രം റോഡിലെ തിരുത്തിയാട് മെൻസ് ഹോസ്റ്റൽ പരിസരത്തുവെച്ചാണ് ഇയാൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

