കോഴിവളം എന്ന പേരിൽ കടത്തിയ വീട്ടിത്തടി പിടികൂടി
text_fieldsമാക്കൂട്ടം വനംവകുപ്പ് ചെക്പോസ്റ്റിൽ വീട്ടിത്തടി കള്ളക്കടത്ത് പിടികൂടിയപ്പോൾ
ഇരിട്ടി: മാക്കൂട്ടം വനംവകുപ്പ് ചെക്പോസ്റ്റിൽ വീട്ടിത്തടി കള്ളക്കടത്ത് പിടികൂടി. കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് കോഴിവളം ലോഡ് എന്ന നിലയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഏഴു കഷണം വീട്ടിമരമാണ് മാക്കൂട്ടം റേഞ്ചർ സുഹാനയുടെ നേതൃത്വത്തിൽ പിടികൂടിയത്.
കടത്താൻ ഉപയോഗിച്ച പിക്കപ്പ് ജീപ്പ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മാനന്തവാടി സ്വദേശി ഷബിനെ (21) അറസ്റ്റ് ചെയ്തു. മടിക്കേരി കോടതി ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പിടിയിലായ മരത്തിന് വിപണിയിൽ രണ്ടു ലക്ഷം രൂപയോളം വിലവരും. പെരുമ്പാടി, മാക്കൂട്ടം ചെക്ക്പോസ്റ്റുകൾ പിന്നിട്ടാണ് കേരള അതിർത്തിയിൽ ഉള്ള അവസാനത്തെ ചെക്ക്പോസ്റ്റ് ആയ കർണാടക വനംവകുപ്പ് ചെക്ക് പോസ്റ്റിൽ എത്തിയത്. മുമ്പ് ഇഞ്ചി, പച്ചക്കറി ലോഡ് എന്ന വ്യാജേന കടത്തിയ വീട്ടിത്തടി മരങ്ങൾ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ പിടികൂടിയിട്ടുണ്ട്. രാത്രി 11 ഓടെയാണ് ഡെപ്യൂട്ടി റേഞ്ചർ മുഹമ്മദ് ഹനീഫ്, ഉദ്യോഗസ്ഥരായ സജി ജേക്കബ്, രമേശൻ, ഹമീദ് എന്നിവരുടെ കടത്ത് പിടികൂടിയ വനം വകുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു.