മംഗളൂരുവിൽ കത്തോലിക്കാ പുരോഹിതൻ പോക്സോ കേസിൽ അറസ്റ്റിൽ; ഒരു മാസത്തിനിടെ പ്രതിക്കെതിരെ റിപ്പോർട്ട് ചെയ്തത് രണ്ട് പോക്സോ കേസുകൾ
text_fieldsബംഗളൂരു: കർണാടകയിലെ മംഗളൂരു രൂപതക്ക് കീഴിലുള്ള 65-കാരനായ കത്തോലിക്കാ പുരോഹിതൻ ഫാദർ സിപ്രിയൻ പിന്റോയാണ് 13-കാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വീണ്ടും അറസ്റ്റിലായിരിക്കുന്നത്. പോക്സോ നിയമപ്രകാരം ബുധനാഴ്ചയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ ആശുപത്രി വിട്ടതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിസംബർ 2 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഒരു മാസത്തിനിടെ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ പോക്സോ കേസാണിത്. ഒക്ടോബറിലായിരുന്നു ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.
ആദ്യത്തെ പോക്സോ കേസിൽ അറസ്റ്റിലായ ഫാദർ സിപ്രിയൻ പിന്റോക്ക് ഒക്ടോബർ 29-ന് ജാമ്യം ലഭിച്ചിരുന്നതായി മംഗളൂരു സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രവീഷ് നായിക് അറിയിച്ചു. എന്നാൽ ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന പുതിയ പരാതി പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനക്കെത്തിയ 13 വയസ്സുകാരനുമായി ബന്ധപ്പെട്ടതാണ്. 2026 മെയ് 13-ന് പുരോഹിതൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മംഗളൂരു വനിതാ പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75(2), പോക്സോ നിയമത്തിലെ സെക്ഷൻ 8, 12 എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിലും സമാനമായ രീതിയിലുള്ള ഗുരുതര ആരോപണങ്ങളാണ് പുരോഹിതനെതിരെ ഉയർന്നത്. പ്രാർത്ഥനക്കായി പള്ളിയിലെത്തിയ കുട്ടിയെ ആളൊഴിഞ്ഞ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മോശമായി സ്പർശിച്ചുവെന്നായിരുന്നു പരാതി. തുടർന്നുള്ള ദിവസങ്ങളിൽ പള്ളിയിലെ സക്രിസ്തിക്ക് സമീപം വെച്ചും സമാനമായ അതിക്രമങ്ങൾ ആവർത്തിച്ചു. ഓഗസ്റ്റ് 14-ന് വൈകുന്നേരം 6.30-ഓടെ റിസപ്ഷന് അടുത്തുള്ള മുറിയിലേക്ക് വിളിച്ചുവരുത്തി തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതായി കുട്ടി മൊഴി നൽകിയിരുന്നു.
ഈ ദുരനുഭവം കുട്ടി തന്റെ സുഹൃത്തുക്കളോട് പങ്കുവെച്ചപ്പോഴാണ് മറ്റ് ചില കുട്ടികൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. തുടർന്ന് കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും അവർ ഓഗസ്റ്റ് രണ്ടാം വാരത്തിൽ ബിഷപ്പിനെ നേരിൽ കണ്ട് പരാതിപ്പെടുകയും ചെയ്തു. പൊലീസിൽ പരാതി നൽകാൻ തങ്ങൾ കുടുംബത്തോട് നിർദ്ദേശിച്ചിരുന്നതായും എന്നാൽ പരാതി നൽകാൻ അവർ വൈകിയതാണെന്നും രൂപതയുടെ പി.ആർ.ഒ റൊണാൾഡ് എസ്.എ. കാസ്റ്റലിനോ വ്യക്തമാക്കി.
ഔദ്യോഗിക പരാതി ലഭിച്ചതിന് പിന്നാലെ കാനോൻ നിയമപ്രകാരം രൂപത ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ ഫാദർ പിന്റോയെ സഭാ ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പി.ആർ.ഒ അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് വത്തിക്കാൻ ആയതിനാൽ നടപടികൾക്ക് അല്പം സമയമെടുത്തേക്കാം.
അറസ്റ്റിന് മുമ്പ് പുരോഹിതൻ ചികിത്സയിലായിരുന്ന ആശുപത്രിയിൽ നിന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടണമെന്ന് സാമൂഹിക പ്രവർത്തകൻ റോബർട്ട് റൊസാരിയോയും ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ അസുഖം യഥാർത്ഥമാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമില്ലെന്നും നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നതിനായാണ് വിവരങ്ങൾ മറച്ചുവെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

