വൃദ്ധദമ്പതികൾക്കുനേരെ മുളകുപൊടിയെറിഞ്ഞ് 12 പവൻ കവർന്ന കേസ്: പ്രതി അറസ്റ്റിൽ
text_fieldsപ്രതി രാജ്മോഹനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോൾ
ആലപ്പുഴ: പട്ടാപ്പകൽ വീട് വാടകക്കെടുക്കാനെന്ന വ്യാജേനയെത്തി വൃദ്ധദമ്പതികളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചശേഷം 12പവൻ സ്വർണം കവർന്ന കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. കാസർകോട് ഹോസ്ദുഗ് എച്ചിക്കാനം ആനന്ദാശ്രമം ചാമക്കുറ്റി വീട്ടിൽ രാജ്മോഹനെയാണ് (42) ആണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞരണ്ടുവർഷത്തിലേറെയായി ആലപ്പുഴ വാടക്കലിൽ വാടകക്ക് താമസിക്കുകയായിരുന്നു. എറണാകുളം നോർത്ത് സ്റ്റേഷനിലെ തട്ടിപ്പുകേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞ പ്രതി രണ്ടാഴ്ചമുമ്പാണ് പുറത്തിറങ്ങിയത്.
എറണാകുളത്ത് വാടകക്ക് താമസിച്ചിരുന്ന ഫ്ലാറ്റ് ഒറ്റിക്ക് നൽകി 15 ലക്ഷം രൂപവീതം രണ്ടുപേരെ കബളിപ്പിച്ച കേസായിരുന്നു ഇത്. കൈതവന കണിയാംകുളം അപർണയിൽ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ.സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെ ആക്രമിച്ചാണ് സ്വർണം കവർന്നത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു സംഭവം. ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങപ്പോഴാണ് സുദർശനന്റെ വീടിന്റെ മുകൾനില വാടകക്ക് കൊടുക്കാനുണ്ടെന്ന പരസ്യം ഒ.എൽ.എക്സിൽ ശ്രദ്ധിച്ചത്. രണ്ടുദിവസംമുമ്പ് സുദർശന്റെ വീട്ടിലെത്തിയെങ്കിലും പരിചയക്കാരുണ്ടെങ്കിൽ മാത്രമേ വാടകക്ക് നൽകുകയുള്ളൂവെന്ന് പറഞ്ഞതോടെ മടങ്ങിപ്പോയി.
ഇതിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ വാടകകരാറുമായെത്തി സംസാരിക്കുന്നതിനിടെ സുദർശനനെനയും ഭാര്യ രത്നകുമാരിയെയും ആക്രമിച്ചശേഷം 12 പവൻ സ്വർണവും 5,000 രൂപയും അപഹരിച്ചശേഷം മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സി.സി.ടി.വിയും മൊബൈൽഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.15ന് പ്രതിയുമായി സുദർശന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആലപ്പുഴ ഡിവൈ.എസ്.പി ജി.ബി മുകേഷ്, സൗത്ത് സി.ഐ വിനീഷ്, എസ്.ഐ മുജീബ് , പൊലീസുകാരായ ശ്യാം, വിപിൻ ബഷീർ, അരുൺ, വി.ജി. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

