യു.പി സ്വദേശിനിയെ കോഴിക്കോട്ടെത്തിച്ച് ബലാത്സംഗം ചെയ്ത കേസ്: പ്രതികൾ റിമാൻഡിൽ
text_fieldsrepresentation image
കോഴിക്കോട്: ട്രെയിൻ യാത്രക്കാരിയായ പതിനാറുകാരിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ പിടിയിലായ നാലുപേർ റിമാൻഡിൽ. യു.പി സ്വദേശികളായ ഇകറാർ ആലം (18), അജാജ് (25), ഷക്കീൽ ഷാ (42), ഇർഷാദ് (23) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
ഉത്തർപ്രദേശ് സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. വാരാണസിയിലെ വീട്ടിൽനിന്ന് ചെന്നൈയിലെ ബന്ധുവീട്ടിലേക്ക് യുവതി ട്രെയിനിൽ പോകവെ നാട്ടുകാരായ യുവാക്കൾ ഒപ്പം കൂടുകയായിരുന്നു.
തുടർന്ന് ഒരാൾ പ്രണയം തുറന്നുപറയുകയും യുവതിയെ ചെന്നൈയിൽ ഇറങ്ങാൻ സമ്മതിക്കാതെ പാലക്കാട്ടിറക്കുകയും ചെയ്തു. ഇവിടെനിന്ന് ബസിൽ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
യുവതിയെ വെള്ളിയാഴ്ച പകൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് ചെന്നൈയിലേക്ക് കയറ്റിവിടാൻ ശ്രമിക്കവെ സംശയംതോന്നിയ റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്) വിവരങ്ങൾ തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞതും നാലുപേരെയും പിടികൂടിയതും.
പോക്സോ ഉൾപ്പെടെ വകുപ്പുകളാണ് കസബ പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയത്. പീഡനം നടന്ന പാളയത്തെ മുറിയിൽ പൊലീസ് പരിശോധന നടത്തി. യുവതിയുടെ വിവരങ്ങൾ കസബ പൊലീസ് യു.പി പൊലീസിന് കൈമാറിയിട്ടുണ്ട്.
യു.പിയിലെ ഗാസിപ്പൂർ ജില്ലയിലെ ബിർണോ പൊലീസ് സ്റ്റേഷനിൽ യുവതിയെ കാണാതായെന്ന് പരാതിയുണ്ടെന്നും ഇവരാണോ കോഴിക്കോട്ടെത്തിയതെന്ന് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. യുവതിയിപ്പോൾ സാമൂഹികക്ഷേമ വകുപ്പിന്റെ വെള്ളിമാട്കുന്നിലെ ഹോമിലാണുള്ളത്.

