വീട്ടിൽ അതിക്രമിച്ച് കയറി 91കാരിക്ക് നേരെ ലൈംഗികാതിക്രമം, എതിർത്തതോടെ സ്വർണമാല പൊട്ടിച്ചോടി; പ്രതിക്ക് ഇരട്ട ജീവപര്യന്തം
text_fieldsവിജയകുമാര്‍
ഇരിങ്ങാലക്കുട: 91കാരിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തി സ്വർണമാല കവർന്ന കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും കൂടാതെ 15 വർഷം കഠിനതടവും 1.35 ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ആലത്തൂർ കിഴക്കുഞ്ചേരി കണ്ണംകുളം സ്വദേശി വിജയകുമാർ എന്ന ബിജുവിനാണ് (40) ഇരിങ്ങാലക്കുട അതിവേഗ സ്പെഷൽ കോടതി ജഡ്ജി വിവീജ സേതുമോഹനൻ ശിക്ഷ വിധിച്ചത്.
2022 ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികയെ അടുക്കളയിൽനിന്ന് ബലമായി എടുത്തുകൊണ്ടുപോയി മുറിയിൽവെച്ച് പീഡിപ്പിക്കുകയും അവരുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല കവർച്ച നടത്തുകയും ചെയ്തെന്നാണ് കേസ്. ഇരിങ്ങാലക്കുട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ശിക്ഷ. അതിജീവിത സംഭവത്തിന് എട്ടു മാസത്തിനകം മരിക്കുകയും ചെയ്തു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 29 സാക്ഷികളെയും 52 രേഖകളും 21 തൊണ്ടിവസ്‌തുക്കളും ഹാജരാക്കിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പ്രതിയുടെ രോമങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പരിശോധനയും പ്രതിയുടെ കുറ്റസമ്മതമൊഴിപ്രകാരം കണ്ടെടുത്ത സ്വർണമാലയും കേസിൽ പ്രധാന തെളിവായി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സൺ ഓഫിസർ ടി.ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. അന്നത്തെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനീഷ് കരീം, ജി.എസ്.ഐമാരായ കെ.ആർ. സുധാകരൻ, കെ.വി. ജസ്റ്റിൻ, എ.എസ്.ഐ മെഹറുന്നീസ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

