ഗർഭിണിയെയും ഏഴുവയസ്സുകാരനെയും കൊന്ന കേസ്: പ്രതി കുറ്റക്കാരൻ, ശിക്ഷ ഇന്ന്
text_fieldsമുഹമ്മദ് ഷരീഫ്
മഞ്ചേരി: കാടാമ്പുഴയിൽ പൂര്‍ണഗര്‍ഭിണിയെയും ഏഴുവയസ്സുള്ള മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. വെട്ടിച്ചിറ പുന്നത്തല സ്വദേശി മുഹമ്മദ് ഷരീഫിനുള്ള (42) ശിക്ഷ മഞ്ചേരി രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ടോണി വർഗീസ് ബുധനാഴ്ച വിധിക്കും. കാടാമ്പുഴ പല്ലിക്കണ്ടം മരക്കാറിെൻറ മകൾ വലിയപീടിയേക്കല്‍ വീട്ടിൽ ഉമ്മുസല്‍മ (26), ഏക മകന് മുഹമ്മദ് ദില്‍ഷാദ് (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്.
2017 മേയ് 22നായിരുന്നു കൊലപാതം. പൂർണ ഗർഭിണിയായിരുന്ന ഉമ്മുസൽമ കൊലപാതകത്തിനിടെ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തിരുന്നു. മൂന്നുദിവസത്തിനുശേഷം മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്.
നിർമാണ തൊഴിലാളിയായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്ന ഉമ്മുസല്‍മയുമായി അടുപ്പത്തിലായത്. ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും ശരീഫിനൊപ്പം താമസിക്കണമെന്ന് പറയുകയും ചെയ്തു. എന്നാല്‍, ഭാര്യയും മക്കളുമുള്ള ശരീഫ് ഉമ്മുസല്‍മയെയും ദില്ഷാദിനെയും കൊലപ്പെടുത്തുകയായിരുന്നു. ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശരീഫ് പിടിയിലായത്. സൈബർ സെൽ സഹായത്തോടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് അന്വേഷിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സി. വാസു പറഞ്ഞു.