എസ്.ബി.ഐയുടെ വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടി; യുവതിക്കെതിരെ കേസ്
text_fieldsചേര്‍ത്തല: ചേര്‍ത്തല എസ്.ബി.ഐയുടെ വ്യാജരേഖകൾ ഉണ്ടാക്കി സ്ഥിരനിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കരാർ ജീവനക്കാരിക്കെതിരെ കേസെടുത്തു. വിവരമറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കിന്റെ കോടതി കവലക്കു സമീപമുള്ള ശാഖയില്‍ കരാര്‍ ഏജന്‍സി നിയോഗിച്ച ശുചീകരണ തൊഴിലാളിയായ വാരനാട് സ്വദേശിനി ഷീജ(46)ക്കെതിരെയാണ് എസ്.ബി.ഐ ചേര്‍ത്തല എസ്.എം.ഇ ശാഖാമാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച കേസെടുത്തിരിക്കുന്നത്.
പിന്നാലെ രാത്രി അമിതമായി ഗുളികകഴിച്ച് അവശനിലയിലായ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിലുളള ഇവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ ബാങ്കിന്റെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ബാങ്കിന്റെ പേരില്‍ പലരിൽ നിന്നും നിക്ഷേപം സ്വീകരിച്ചു തട്ടിപ്പുനടത്തിയതായാണ് വിവരം. ഇതിനായി ബാങ്ക് ഉദ്യോഗസ്ഥരുടെ ഒപ്പും സീലും രസീതും സ്ഥിര നിക്ഷേപ രേഖകളും വ്യാജമായി തയ്യാറാക്കി നല്‍കിയിരുന്നു. ബാങ്കിന്റെ രേഖകളോട് സാമ്യം തോന്നുന്ന തരത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
ഇതെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവം പുറത്തായതോടെ കൂടുതല്‍ പേര് പണം നഷ്ടപ്പെട്ടതായി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടുവരെ 70 ഓളം പേരാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. രണ്ടു ലക്ഷം മുതല്‍ 15 ലക്ഷംവരെയാണ് ഓരോരുത്തര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നത്. കേസെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രേഖകള്‍ വ്യാജമായി ഉണ്ടാക്കുന്നതിനടക്കം മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിച്ച് വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

