യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരനെതിരെ കേസ്
text_fieldsനെടുമങ്ങാട്: അവിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ട പൊലീസുകാരനെതിരെ കേസെടുത്തു. വിജിലൻസ് ഗ്രേഡ് എസ്.സി.പി കാച്ചാണി സ്നേഹ വീട്ടിൽ സാബു പണിക്കറെ (48) പ്രതിയാക്കിയാണ് അരുവിക്കര പൊലീസ് കേസെടുത്തത്. ഇയാളെ വിജിലൻസിൽനിന്ന് മാറ്റി.
വകുപ്പുതല നടപടിയും ഉണ്ടാകും. പീഡനം, ഐ.ടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. യുവതിയെ തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. പിന്നീട് ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു. ഏഴു വർഷമായി ഇത് തുടരുകയായിരുന്നെന്നാണ് പരാതി.
അടുത്തിടെ യുവതിയുടെ നഗ്ന വിഡിയോ സാബു പണിക്കർ പുറത്തുവിട്ടു. ഇതോടെയാണ് അരുവിക്കര പൊലീസിൽ പരാതി നൽകിയത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി അരുവിക്കര സി.ഐ എസ്. ഷിബുകുമാർ അറിയിച്ചു.