പ്രായപൂർത്തിയാകാത്ത ശിഷ്യന്മാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്വാമി അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ ചുമത്താൻ ഉത്തരവിട്ട് കോടതി
text_fieldsലക്നൗ: ജ്യോതിഷ് പീഠം ജ്യോതിർമഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ കോടതി ഉത്തരവ്. പ്രായപൂർത്തിയാകാത്ത ശിഷ്യരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കും സഹായിക്കുമെതിരെ പോക്സോ കേസ് ചുമത്താൻ കോടതി നിർദേശം നൽകിയത്.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ പ്രത്യേക പോക്സോ കോടതിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ജുൻസി പൊലീസിനോട് ആവശ്യപ്പെട്ടത്. കോടതി നിർദേശത്തെ തുടർന്ന് പ്രയാഗ്‌രാജിലെ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ശിഷ്യൻ മുകുന്ദാനന്ദ് ബ്രഹ്മചാരിക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ മാസം പ്രയാഗ്‌രാജിൽ നടന്ന മാഘമേളക്കിടെ പ്രായപൂർത്തിയാകാത്ത രണ്ട് ശിഷ്യരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം. ആരോപണവിധേയനായ സ്വാമിയും ശിഷ്യനും ആരോപണങ്ങൾ നിഷേധിക്കുകയും വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിക്കുകയും ചെയ്തു.
പരാതി പ്രകാരം, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് ശിഷ്യന്മാരെ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായാണ് ആരോപിക്കുന്നത്. 2025 ലെ കുംഭമേളയ്ക്കും 2026 ലെ മാഘമേളക്കും മുന്നോടിയായി പ്രയാഗ്‌രാജിൽ സംഘടിപ്പിച്ച മതപരമായ ക്യാമ്പുകൾക്കിടയിലാണ് സംഭവങ്ങൾ നടന്നതെന്നും എഫ്.ഐ.ആറിൽ പറയുന്നു. ക്യാമ്പ് പരിസരത്തും ക്യാമ്പിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിലും പീഡനം നടന്നതായി പരാതിയിൽ ആരോപിക്കുന്നു.
കോടതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. കോടതി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് രജിസ്റ്റർ ചെയ്ത ശേഷം അവർ അന്വേഷിക്കും. ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് ഞങ്ങൾ കോടതിയെ അറിയിച്ചുവെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. പരാതിക്കാരനായ അശുതോഷ് ബ്രഹ്മചാരിക്ക് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കാന്ധ്ല പോലീസ് സ്റ്റേഷനിൽ ക്രിമിനൽ പശ്ചാത്തലമുളള വ്യക്തിയാണ്. ഇയാൾ നിരവധി പേർക്കെതിരെ വ്യാജ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കട്ടെ, സത്യം പുറത്തുവരും. ജുഡീഷ്യറിയിലും ഭരണഘടനയിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും മുകുന്ദാനന്ദ് ബ്രഹ്മചാരി പറഞ്ഞു.
യോഗി ആദിത്യനാഥിനോട് ബീഫ് കയറ്റുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ വാർത്താപ്രധാന്യം നേടിയ വ്യക്തിയായിരുന്നു സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. പശുവിനെ സംസ്ഥാന മാതാവ് എന്ന പദവി നൽകി 40 ദിവസത്തിനുള്ളിൽ ബീഫ് കയറ്റുമതി നിരോധിച്ചുകൊണ്ട് താൻ ഒരു ഹിന്ദുവാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

