പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ കേസ്: മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിച്ച പരാതി കൈമാറിയത് അഞ്ച് ദിവസം കഴിഞ്ഞ്, കേസെടുത്തത് 12 ദിവസത്തിന് ശേഷം
text_fieldsതിരുവനന്തപുരം: സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയെന്നാക്ഷേപം.
നവംബര്‍ 27ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിച്ച പരാതി ഡിസംബർ രണ്ടിനാണ് കന്‍റോൺമന്‍റെ് പൊലീസിനു കൈമാറിയത്. ശേഷം കേസ് രജിസ്റ്റർ ചെയ്യാൻ പിന്നെയും അഞ്ച് ദിവസങ്ങൾ വേണ്ടി വന്നു. ഡിസംബര്‍ എട്ടിനാണ് ബി.എന്‍എസ് 74, 75 (1) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. അതായത് പരാതി ലഭിച്ച് 12 ദിവസം വൈകി സ്‌ത്രീത്വത്തെ അപമാനിച്ച പരാതിയിൽ കേസെടുക്കാൻ.
കേസിൽ പരാതിക്കാരിയുടെയും പി.ടി. കുഞ്ഞുമുഹമ്മദിന്‍റെയും മൊഴികൾ ഉടൻ രേഖപ്പെടുത്തും. പരാതിയിൽ പറയുന്ന സമയത്തെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഡിംസബർ 12ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള യോഗത്തിന് തലസ്ഥാനത്തെ ഹോട്ടലിൽ എത്തിയപ്പോൾ പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ഇ-മെയിലിലൂടെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി. നടപടിയുണ്ടാകാതെ വന്നതോടെ തിങ്കളാഴ്ച വാർത്തകൾ പുറത്തുവരികയും തുടർന്ന് കേസെടുക്കുകയുമായിരുന്നു.
ഇടതു സഹയാത്രികനായതിനാലാണ് പരാതിയിന്മേൽ നടപടിയെടുക്കാൻ വൈകിയതെന്ന ആരോപണം ഒരു വശത്ത് ഉയരുമ്പോഴും കേസെടുക്കേണ്ട എന്ന് കന്റോൺമെന്റ് പൊലീസിന് നിർദേശം ലഭിച്ചിരുന്നതായും ആക്ഷേപവുമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ കാട്ടിയ തിടുക്കവും ജാഗ്രതയും ഈ വിഷയത്തിൽ ഉണ്ടായില്ലെന്ന ആരോപണം ശക്തമാണ്. എന്നാൽ, മെയിൽ വഴിയാണ് പരാതി ലഭിച്ചതെന്നും തന്റെ ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസിന് കൈമാറിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, താൻ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും പി.ടി. കുഞ്ഞു മുഹമ്മദ് പ്രതികരിച്ചു. തനിക്കെതിരെ മുമ്പോരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും അവരോട് മാപ്പ് പറയാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

