നികുതി അടച്ചില്ല; സിനിമ താരങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന കാരവാൻ കസ്റ്റഡിയിൽ
text_fieldsകാക്കനാട്: നികുതി അടക്കാതെ സിനിമ ഷൂട്ടിങ് ലൊക്കേഷനുകൾ തോറും കറങ്ങി നടക്കുന്ന കാരവനുകളെ പൂട്ടാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. അനധികൃതമായി കൊച്ചിയിലെ വിവിധ ലൊക്കേഷനുകളിൽ ഉപയോഗിക്കുന്ന കാരവനുകൾക്കെതിരെയാണ് നടപടി എടുക്കുന്നത്. നികുതി അടക്കുന്നത് വരെ വാഹനം പിടിച്ചുവെക്കാനാണ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ഇരുമ്പനത്ത് നിന്ന് പിടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ വാഹനത്തിനെതിരെ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഷാജി മാധവന്‍റെ നിർദേശപ്രകാരം പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.
സിനിമകളിൽ നടിമാർ ഉൾപ്പടെ യുവതാരങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന കാരവനുകളാണ് ഇങ്ങനെ മുങ്ങി നടക്കുന്നതിൽ അധികവും. അന്യസംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങളാണ് നികുതി അടക്കാത്തവയിൽ ഭൂരിഭാഗവുമെന്ന് അധികൃതർ വ്യക്തമാക്കി. മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക സ്ക്വാഡ് ആണ് ഇരുമ്പനത്ത് നിന്ന് കാരവാൻ പിടികൂടിയത്.
നികുതി ഇനത്തിൽ 25000 രൂപ അടക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. എ.എം.വി.ഐമാരായ ഭാരതി ചന്ദ്രൻ, കെ.എം രാജേഷ് എന്നിവർ അടങ്ങിയ സ്ക്വാഡ് ആയിരുന്നു പരിശോധന നടത്തിയത്.

