ഹോട്ടലിലെത്തിയ ആളുടെ കാർ മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
text_fieldsദിനേശ്
ബിശ്വകർമ
കാക്കനാട്: ഹോട്ടലിലെത്തിയ ആളുടെ കാർ മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ജൽപായ്ഗുഡി സ്വദേശി ദിനേശ് ബിശ്വകർമയാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. തൃക്കാക്കര വള്ളത്തോൾ നഗറിലുള്ള റെസ്റ്റാറന്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇയാൾ കാർ പാർക്ക് ചെയ്യാമെന്ന് പറഞ്ഞ് താക്കോൽ വാങ്ങി കാറുമായി കടന്നുകളയുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഇടക്കൊച്ചി സ്വദേശിയായ കാർ ഉടമ കുടുംബവുമൊന്നിച്ച് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു.
വാഹനം നഷ്ടപ്പെട്ടതോടെ ഉടമ തൃക്കാക്കര പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടയിൽ ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിലെ നിലംപതിഞ്ഞിമുകൾ ഭാഗത്ത് കാർ അപകടത്തിൽപെട്ടതായി വിവരം ലഭിക്കുകയായിരുന്നു. അതിവേഗത്തിൽ ഓടിച്ചുപോകുന്നതിനിടെ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലും തുടർന്ന് മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് നാട്ടുകാർ തടഞ്ഞുവെച്ച പ്രതിയെ തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

