എം.ഡി.എം.എ പിടികൂടി എന്നു പറഞ്ഞ് കാറുടമയുടെ പണം തട്ടി; പ്രതികൾ അറസ്റ്റിൽ
text_fieldsഅബ്ദുൽ വാഹിദ്, അബ്ദുൽ ലത്തീഫ്, അസ്ഫൽ
വണ്ടൂർ: വാടകക്കെടുത്ത കാറിൽനിന്ന് പൊലീസ് എം.ഡി.എം.എ പിടികൂടി എന്നും കാർ വിട്ടു കിട്ടണമെങ്കിൽ 50,000 രൂപ വേണം എന്ന് പറഞ്ഞ് കാറുടമയുടെ പക്കൽനിന്നും പണം തട്ടിയ പ്രതികൾ അറസ്റ്റിൽ. കറുത്തേനി തട്ടാൻകുന്ന് സ്വദേശി ആലുങ്ങൾ അബ്ദുൽ വാഹിദ് (26), തെക്കുംപുറം സ്വദേശി മരുതത്ത് അബ്ദുൽ ലത്തീഫ് (27), വണ്ടൂർ കരുണാലയപടി സ്വദേശി പൂലാടൻ അസ് ഫൽ (26) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ ദീപകുമാർ അറസ്റ്റ് ചെയ്തത്.
കാളികാവ് സ്വദേശിയാണ് പരാതിക്കാരൻ. ഒക്ടോബർ 22ന് പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കാർ ലത്തീഫ് വാടകക്കെടുക്കുകയായിരുന്നു. തുടർന്ന് കാർ തിരിച്ചു കൊടുക്കേണ്ട ഒക്ടോബർ 24ന് വാഹിദ് പരാതിക്കാരനെ ഫോണിൽ വിളിച്ച് കാർ അമ്പലപ്പടിയിൽ വെച്ച് എം.ഡി.എം.എയുമായി പൊലീസ് പിടികൂടി എന്നും കാർ വിട്ടുകൊടുക്കണമെങ്കിൽ 50,000 രൂപ വേണമെന്നും പറഞ്ഞു. 28,000 രൂപ തങ്ങളുടെ പക്കലുണ്ട് എന്നും ബാക്കി വരുന്ന 22000 രൂപ പരാതിക്കാരനോട് അയച്ചുകൊടുക്കാനും പറയുകയായിരുന്നു. തെളിവിനായി കാർ വണ്ടൂർ പൊലീസ് സ്റ്റേഷനു മുൻവശം റോഡിൽ നിർത്തി ഫോട്ടോയെടുത്ത് പരാതിക്കാരന് അയച്ചു കൊടുക്കുകയും ചെയ്തു.
പ്രതികളുടെ തട്ടിപ്പിൽ വിശ്വസിച്ച പരാതിക്കാരൻ പണം ഗൂഗിൾ പേ വഴി അയച്ചു കൊടുക്കാമെന്നു പറഞ്ഞെങ്കിലും നേരിട്ടുവേണമെന്ന് വാഹിദ് ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ സുഹൃത്ത് വഴി പണം എത്തിച്ചു നൽകുകയും ചെയ്തു. ശേഷം പ്രതികൾ പരാതിക്കാരന് കാർ തിരിച്ചു കൊടുക്കുകയും ചെയ്തു. പണം പ്രതികൾ പങ്കിട്ടെടുത്തു. പ്രതികൾ തന്ത്രപരമായി ആസൂത്രണം ചെയ്ത പദ്ധതി തകർന്നത് പരാതിക്കാരൻ പരിചയത്തിലുള്ള പൊലീസുകാരനോട് വിവരം പറഞ്ഞതോടെയാണ്.
തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപത്കരിച്ച് നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. 40 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ലത്തീഫ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. അസ് ഫൽ ഓൺലൈൻ തട്ടിപ്പു കേസ്സുകളിലും അടിപിടി കേസുകളിലും ഉൾപ്പെട്ടയാളാണ്. എസ്.ഐമാരായ വാസുദേവൻ ഊട്ടുപുറത്ത്, വി.കെ. പ്രദീപ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, സി.പി.ഒ റിയാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

