ദേശീയപാതയിൽ കാർ തടഞ്ഞ് കവർച്ച; ഒരാൾകൂടി പിടിയിൽ
text_fieldsബാബു
പാലക്കാട്: ദേശീയപാതയില്‍ കാര്‍ തടഞ്ഞ് പണം കവർന്ന സംഘത്തിലെ ഒരു പ്രതിയെകൂടി കസബ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി വടക്കുമുറി സ്വദേശി ബാബുവിനെയാണ് (39) കസബ പൊലീസ് പിടികൂടിയത്.
ബാബുവിനെതിരെ സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയില്‍ പുതുശ്ശേരി ഫ്ലൈഓവറില്‍ ടിപ്പറും കാറുകളും ഉപയോഗിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും മൂന്നര കോടി രൂപയും തട്ടിയെടുക്കുകയും ശേഷം കാര്‍ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
കേസിൽ പിടിയിലായവരുടെ എണ്ണം 15 ആയി. സി.സി ടി.വികള്‍ നിരീക്ഷിച്ചും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത്. ഇന്‍സ്‌പെക്ടര്‍മാരായ എന്‍.എസ്. രാജീവ്, എ. ദീപകുമാര്‍, എസ്.ഐ എസ്. അനീഷ്, എ.എസ്.ഐ ഷാഹുല്‍ ഹമീദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.