കഞ്ചാവ് കടത്തുകാരൻ എയർ ഗണ്ണും കത്തിയുമായി പിടിയിൽ
text_fieldsകായംകുളം: കഞ്ചാവ് കച്ചവടത്തിലെ പ്രധാന കണ്ണിയായ യുവാവ് ആയുധങ്ങളുമായി എക്സൈസ് പിടിയിൽ. വള്ളികുന്നം കന്നിമേൽ ഇടത്തറ പടീറ്റതിൽ മുഹമ്മദ് കുഞ്ഞാണ് (കൊച്ചുമോൻ -40) പിടിയിലായത്. എയർ ഗണ്ണും കത്തിയും 67 ചെറിയ കഞ്ചാവ് പൊതികളും ഇയാളിൽനിന്ന് കണ്ടെടുത്തു.
ഏറെ നാളത്തെ നിരീക്ഷണത്തിനുശേഷം ബുധനാഴ്ച രാത്രിയാണ് ഇയാൾക്കായി എക്സൈസ് വലവിരിച്ചത്. വള്ളികുന്നം കന്നിമേൽ വാളാച്ചാൽ ജങ്ഷനിൽനിന്ന് കഞ്ചാവുമായി പോകുകയായിരുന്ന ഇയാളെ രഹസ്യമായി പിന്തുടരുകയായിരുന്നു.ചക്കിട്ട മുക്കിൽനിന്ന് കിഴക്കോട്ട് തുറയശ്ശേരിൽ ജങ്ഷനിലേക്ക് തിരിയുന്ന ഭാഗത്തുവെച്ചാണ് സാഹസികമായി പിടികൂടിയത്. സ്കൂൾ പരിസരങ്ങളിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്.
ഇതിനായി വിപുലമായ ഇയാൾ രൂപപ്പെടുത്തിയിരുന്നു. നൂറനാട് എക്സൈസ് ഇൻസ്പെക്ടർ എ. അഖിലിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർമാരായ സി. സുനിൽകുമാർ, ജി. സന്തോഷ് കുമാർ, സിവിൽ ഓഫിസർമാരായ വി. അരുൺ, ബി. പ്രവീൺ ബാബു, ഡാനിയൽ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

