മൂന്നേകാൽ കിലോ കഞ്ചാവ് പിടികൂടി: പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റിന്റെ മറവിലാണ് കഞ്ചാവ് വിൽപന
text_fieldsകൊല്ലം: കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് എഴുകോൺ, കരീപ്ര ഭാഗത്തു നടത്തിയ രാത്രികാല പ്രത്യേക പരിശോധനയിൽ മൂന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. തിങ്കളാഴ്ച രാത്രി 10.30ന് കരിപ്ര ചൂരപ്പൊയ്ക ഭാഗത്തു കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കരീപ്ര ചൂരപൊയ്കയിൽ അമ്പിളി വിലാസം വീട്ടിൽ എ. അനീഷിനെതിരെ (34) കേസെടുത്തു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കരീപ്രയിലുള്ള താമസ സ്ഥലത്തുനിന്ന് വിൽപനക്കായി കൊണ്ടു പോകുന്നതിനിടയിലാണ് കഞ്ചാവ് പിടികൂടിയത്. അനീഷ് ഓടി രക്ഷപ്പെട്ടു. തുണിസഞ്ചിയിൽ ഒതുക്കം ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. ഇയാളുടെ വീടിനോട് ചേർന്ന് പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റുണ്ട്. സംസ്കരിച്ചെടുക്കുന്ന പ്ലാസ്റ്റിക് തമിഴ്നാട്ടിൽ എത്തിച്ചാണ് വിവിധതരത്തിലുള്ള ഉൽപന്നങ്ങളാക്കി മാറ്റുന്നത്. പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റിന്റെ മറവിലാണ് കഞ്ചാവ് വിൽപന. ഇയാൾക്ക് സ്വന്തമായി ഇന്നോവ കാറും ഒരു നാഷനൽ പെർമിറ്റ് ലോറിയുമുണ്ട്. പിടിക്കപ്പെടാതിരിക്കാനായി രാത്രി 10ന് ശേഷമാണ് കഞ്ചാവ് കച്ചവടം ചെയ്യുന്നത്. നാഷനൽ പെർമിറ്റ് ലോറിയിൽ തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ച് കരിപ്ര, എഴുകോൺ കേന്ദ്രീകരിച്ച് മൊത്തവിൽപന നടത്തി വരുന്നതായാണ് സംശയം. പിടികൂടിയ കഞ്ചാവിന് വിപണിയിൽ രണ്ടുലക്ഷത്തോളം രൂപ വിലവരും. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതായി കൊല്ലം അസി.എക്സൈസ് കമീഷണർ വി. റോബർട്ട് അറിയിച്ചു.