പെരുമ്പാവൂരിൽ വീണ്ടും കഞ്ചാവ് വേട്ട; അസം സ്വദേശി പിടിയിൽ
text_fieldsജിബാന്‍ സായ്കി
പെരുമ്പാവൂര്‍: എക്സൈസ് നടത്തിയ പരിശോധനയില്‍ 2.090 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. ലഖിംപുര്‍ ജില്ലയിലെ ജിബാന്‍ സായ്കിയാണ് (32) പിടിയിലായത്. കഴിഞ്ഞ ദിവസം 2.210 കിലോ കഞ്ചാവുമായി പിടിയിലായ ഒഡിഷ സ്വദേശി സമ്പത് പ്രധാനില്നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് പാറപ്പുറത്ത് വെച്ച് ഇയാള്‍ പിടിയിലായത്.
ഇടനിലക്കാരെന്ന വ്യാജേന സമീപിച്ച എക്സൈസ് സംഘം തന്ത്രപൂര്‍വം ഇയാളെ പിടികൂടുകയായിരുന്നു. പ്രതിക്ക് തദ്ദേശീയരുടെ സഹായമുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍ വി.എസ്. ഷൈജു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വി.എല്‍. ജിമ്മി, ടി.എന്‍. ശ്രീരാജ്, ടി.കെ. അനൂപ്, അമല്‍ മോഹനന്, സി.വി. കൃഷണദാസ് എന്നിവര്‍ പങ്കെടുത്തു.

