കഞ്ചാവുമായി ഉത്തരേന്ത്യൻ സ്വദേശി പിടിയിൽ
text_fieldsഫർമാൻ
കൊച്ചി: കഞ്ചാവുമായി ഉത്തരേന്ത്യൻ സ്വദേശി പിടിയിലായി. എളമക്കര, ഇടപ്പള്ളി ഭാഗങ്ങളിൽ കൊച്ചി സിറ്റി ഡാൻസാഫും എളമക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഡൽഹി, ഗാർഹി മെൻഡു, ന്യൂ ഉസ്മാൻപുർ സ്വദേശി ഫർമാൻ (19) ഇടപ്പള്ളി എച്ച്.എം.സി റോഡിൽനിന്ന് പിടിയിലായത്. ഇയാളിൽനിന്ന് വിൽപനക്ക് കൊണ്ടുവന്ന ഒരു കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
ഇടപ്പള്ളി ഭാഗത്ത് ഹോട്ടൽ ജോലി ചെയ്യുന്ന ഇയാൾ നാട്ടിൽപോയി വരുമ്പോഴാണ് കഞ്ചാവ് എത്തിക്കുന്നത്. അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിൽ ചെറിയ പൊതികളിലാക്കിയാണ് വിൽപന. കൊച്ചി സിറ്റി പൊലീസ് കമീഷണർ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ശശിധരന്റെ നിർദേശപ്രകാരം എളമക്കര ഇൻസ്പെക്ടർ സനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ഫൈസൽ, എസ്.സി.പി.ഒ സുബിൻ, സി.പി.ഒ രാജേഷ് എന്നിവരും കൊച്ചി സിറ്റി ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

