മലപ്പുറത്തെ കഞ്ചാവ് വേട്ട: പിടിയിലായത് വേങ്ങര സ്വദേശികൾ
text_fieldsമുഹമ്മദ് ഹർഷിദ്, ഷമീർ, ഷുൈഹബ്
മലപ്പുറം: ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് ആഡംബര കാറിൽ ഒളിപ്പിച്ചുകടത്തിയ 40 കിലോഗ്രാം കഞ്ചാവുമായി മലപ്പുറത്ത് പിടിയിലായ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വേങ്ങര വലിയോറ സ്വദേശികളായ കരുവള്ളി ഷുഹൈബ് (32), മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ് (31), കരുവള്ളി ഷമീർ (36) എന്നിവരെയാണ് സി.ഐ ജോബി തോമസ്, എസ്.ഐ അമീറലി എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ വലിയങ്ങാടി ബൈപാസിൽനിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ്, സി.ഐ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിെൻറ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലെ രഹസ്യ അറകളിൽ ചെറിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
പൊലീസ് സംഘത്തിൽ സി.പി. മുരളീധരൻ, സി.പി. സന്തോഷ്, എൻ.ടി. കൃഷ്ണകുമാർ, പ്രശാന്ത് പയ്യനാട്, എം. മനോജ്കുമാർ, കെ. ദിനേശ്, പ്രബുൽ, സക്കീർ കുരിക്കൾ, സിയാദ് കോട്ട, രജീഷ്, ദിനു, ഹമീദലി, ഷഹേഷ് എന്നിവരും ഉണ്ടായിരുന്നു.