വിൽപനക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsപ്രതികൾ
കുറ്റിപ്പുറം: ആറു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തവനൂർ സിഡ് ഫാം സ്വദേശി മുഹമ്മദ് ജുറൈജ് (19), കൊണ്ടോട്ടി പള്ളിപ്പുറം സ്വദേശി ഷമീർ (22) എന്നിവരാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്.
കുറ്റിപ്പുറം ടൗണിലെ ലോഡ്ജിൽ രണ്ടുപേർ കഞ്ചാവ് വിൽപനക്ക് എത്തിയതായ രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ചെന്നൈയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. 3000 രൂപയിൽ താഴെ വിലവരുന്ന കഞ്ചാവ് നാട്ടിൽ 30,000ലധികം രൂപക്കാണ് വിൽക്കുന്നത്. ജുറൈജിന് മുമ്പും കഞ്ചാവ് വിൽപന നടത്തിയതിന് കേസുണ്ട്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ ജോലിക്കോ പഠനത്തിനോ എന്ന പേരിൽ പോയി മയക്കുമരുന്ന് കടത്തിലേർപ്പെടുന്നവരെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. സി.ഐ. ശശീന്ദ്രൻ മേലെയിൽ, എസ്.ഐമാരായ വിനോദ്, പ്രമോദ്, എ.എസ്.ഐമാരായ ജയപ്രകാശ്, എസ്.സി.പി.ഒ ജയപ്രകാശ്, സുധീർ, സി.പി.ഒ സുമേഷ് എന്നിവരാണ് പരിശോധന നടത്തിയത്.

