കഞ്ചാവ് കേസ് പ്രതി സ്റ്റേഷനുള്ളിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി; പിടിവലിക്കിടെ പൊലീസുകാരന് പരിക്ക്
text_fieldsനേമം: സ്റ്റേഷനിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയ കഞ്ചാവ് കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മൽപിടിത്തത്തിനിടെ പൊലീസ് കോൺസ്റ്റബിളിന് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടി.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ആറ്റുകാൽ പാടശ്ശേരി സ്വദേശി അപ്പു എന്ന സജിത്ത് (22) ആണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഇയാൾ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്. ഒരുമാസം മുമ്പ് ആറ്റുകാൽ ഭാഗത്തെ ഒരു വായനശാലയും ഫർണിച്ചറും അടിച്ചുതകർത്ത കേസിലെ പ്രതിയാണ്. എന്നാൽ, സംഭവത്തിൽ അന്ന് ആരും പരാതി നൽകാത്തതിനാൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നില്ല. പൊലീസ് ഇടപെട്ട് ഇയാളെ ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. അതിനുശേഷം വീണ്ടും കഞ്ചാവ് ഉപയോഗിക്കുകയും അക്രമാസക്തനാകുകയും ചെയ്തു.
ഇതിനെ തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി സ്റ്റേഷനുള്ളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.