കാനഡ ജോലി തട്ടിപ്പ്: യുവതി അറസ്റ്റിൽ
text_fieldsഹിൽഡ സാന്ദ്ര ഡുറ
പത്തനംതിട്ട: കാനഡയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കോയിപ്രം പൊലീസ് ഒന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം പച്ചാളം കണച്ചാംതോട് റോഡിൽ അമ്പാട്ടുവീട്ടിൽ ഹിൽഡ സാന്ദ്ര ഡുറയെ (30), പറവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന എറണാകുളം ജില്ല ജയിലിലെത്തി, കോടതിയുടെ അനുവാദം വാങ്ങി കോയിപ്രം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പുറമറ്റം കുമ്പനാട് വട്ടക്കൊട്ടാൽ മുകളുകാലായിൽ വീട്ടിൽ സാമുവലിന്റെ മകൻ ബാബുക്കുട്ടി നൽകിയ പരാതിയിലാണ് നടപടി.
ഇദ്ദേഹത്തിന്റെ മകന് കാനഡയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞു പ്രതികൾ ബാങ്ക് അക്കൗണ്ടിലൂടെ നാല് ലക്ഷം രൂപ തട്ടിയശേഷം, ജോലി ലഭ്യമാക്കുകയോ, പണം മുഴുവൻ തിരികെ നൽകുകയോ ചെയ്തില്ല. ബാബുക്കുട്ടിയുടെ മകന്റെ കുമ്പനാട്ടെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒന്നാം പ്രതി പറഞ്ഞതുപ്രകാരം രണ്ടാം പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്ന് തവണയായി പണം അയക്കുകയായിരുന്നു.
പ്രതികൾ ഒളിവിൽ പോയിരുന്നു. ഒന്നാം പ്രതി പലവിലാസങ്ങളിൽ മാറിമാറി താമസിച്ചു. ചിറ്റാർ സ്റ്റേഷനിൽ രണ്ടും പന്തളം മണ്ണാഞ്ചേരി സ്റ്റേഷനുകളിലെ ഒന്നുവീതം വിശ്വാസവഞ്ചനക്കേസുകളിൽ ഹിൽഡ സാന്ദ്ര ഡുറ ഉൾപ്പെട്ടിട്ടുണ്ട്. ഇവയിലെല്ലാം മേൽവിലാസങ്ങൾ വ്യത്യസ്തമാണ്. പല ജില്ലകളിലും സമാനരീതിയിൽ ആളുകളിൽനിന്ന് പണം കൈപ്പറ്റി വിശ്വാസവഞ്ചന കാട്ടിയതായി അന്വേഷണത്തിൽ തെളിഞ്ഞു. അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

