25 ലക്ഷം രൂപയുടെ കാമറ മോഷണം: മുഖ്യപ്രതി അറസ്റ്റിൽ, പതിനഞ്ചോളം മോഷണക്കേസുകളിൽ പ്രതിയാണ്
text_fieldsഷിജാസ്
അടൂർ: അടൂർ -കായംകുളം റോഡിൽ സെൻറ് മേരീസ് സ്കാനിങ് സെൻററിന് സമീപമുള്ള കാമറ സ്കാൻ എന്ന സ്ഥാപനത്തിൽ നിന്ന് 25 ലക്ഷം രൂപയുടെ വില കൂടിയ കാമറകൾ മോഷ്ടിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വൈക്കം ഉദയനാപുരം ഷാജാസ് ഭവനിൽ ഷിജാസിനെയാണ് (36) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20ന് പുലർച്ചയാണ് സംഭവം. കോട്ടയം പള്ളം സ്വദേശി എബി ജോർജ് എന്നയാളുടെയാണ് സ്ഥാപനം. കടയുടെ ഷട്ടറിെൻറ പൂട്ടുപൊളിച്ച് അകത്തു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന നിക്കോൺ, കാനോൺ, ലുമിക്സ്, സോണി, പാനാസോണിക് തുടങ്ങിയ കമ്പനികളുടെ കാമറകളും വിലകൂടിയ ബാറ്ററികളും, കാമറ ലെൻസുകളും, ചാർജറുകളും കൈക്കലാക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും പരിസരപ്രദേശങ്ങളിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസിന് വ്യക്തമായ തെളിവുകളൊന്നും ആദ്യം ലഭിച്ചിരുന്നില്ല. തുടർന്ന് ജില്ല പൊലീസ് മേധാവി ആർ.നിശാന്തിനിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പന്തളം കുരമ്പാലയിലെ ഒരു മൊബൈൽ ഷോപ്പിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികൾ സഞ്ചരിച്ച ബസിനെ കുറിച്ച് ആദ്യ സൂചന ലഭിച്ചത്.
ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതിയുടെ ഒളിത്താവളം പാലക്കാട് ആണെന്ന് മനസ്സിലായി. എന്നാൽ, വിവിധ സ്ഥലങ്ങളിൽനിന്ന് വാടകയ്ക്കെടുക്കുന്ന വാഹനങ്ങളിൽ സഞ്ചരിക്കുന്ന പ്രതിയെ ഒടുവിൽ മൂവാറ്റുപുഴയിൽ അന്തർസംസ്ഥാന തൊഴിലാളികൾ പാർക്കുന്ന ലോഡ്ജിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തെ വിവിധ കടകളിൽനിന്ന് മോഷ്ടിച്ച ലക്ഷങ്ങൾ വിലവരുന്ന കാമറകൾ ഉൾപ്പെെടയുള്ളവ ഇയാളിൽനിന്ന് പൊലീസ് കണ്ടെടുത്തു. കേരളത്തിൽ വിവിധ ജില്ലകളിലായി പതിനഞ്ചോളം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്. എം.എസ്സി ബിരുദധാരിയായ പ്രതി കൃത്രിമമായി തയാറാക്കുന്ന ബില്ലുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായും സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. അടൂർ ഡിവൈ.എസ്.പി ആർ.ബിനുവിെൻറ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർ മനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, പ്രവീൺ, രതീഷ് ചന്ദ്രൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ സായി സേനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സോളമൻ ഡേവിഡ്, ഡ്രൈവർ സി.പി.ഒ സനിൽ കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

