ലണ്ടന്‍: വ്യക്തിയെ 'കഷണ്ടി'ക്കാരനെന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കാമെന്ന് ബ്രിട്ടീഷ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ. ഈ വാക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവേചനപരമാണെന്നും ട്രിബ്യൂണൽ പറഞ്ഞു. 24 വർഷത്തോളം ജോലി ചെയ്തിരുന്ന യോർക്ക്ഷയർ ആസ്ഥാനമായുള്ള ബിസിനസ് സംരംഭത്തിൽ നിന്ന് പിരിച്ചുവിട്ട ടോണി ഫിന്‍ എന്നയാൾ നൽകിയ കേസിലാണ് ട്രിബ്യൂണലിന്‍റെ വിധി.
കഷണ്ടി സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്, അതിനാൽ ഒരാളെ വിവരിക്കാൻ ഇത് ഉപയോഗിക്കുന്നത് ഒരു തരം വിവേചനമാണെന്ന് ട്രിബ്യൂണലിലെ ഒരു ജഡ്ജി അഭിപ്രായപ്പെട്ടു. ജോലിസ്ഥലത്ത് ഒരു പുരുഷന്‍റെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമർശിക്കുന്നതിന് തുല്യമാണെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.
തന്നെ കമ്പനിയിൽ നിന്ന് പുറത്താക്കുന്നതിന് മുമ്പ് ഒരു സഹപ്രവർത്തകന്‍ കഷണ്ടിക്കാരനെന്ന് വിളിച്ച് ലൈംഗിക അധിഷേപം നടത്തിയതായി ടോണി പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് നിന്ദ്യാപരവും തരംതാഴ്ത്തുന്നതുമായ നടപടിയാണെന്ന് ട്രിബ്യൂണൽ പറഞ്ഞു. കൂടാതെ ഫിന്നിന്‍റെ പിരിച്ചുവിടൽ അന്യായമായമാണെന്നും ട്രിബ്യൂണൽ വിധിച്ചു.