സ്ത്രീകൾക്ക് പേടിസ്വപ്നമായി നഗരം
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി ടെർമിനലിന് സമീപവും മാവൂർ റോഡിന്‍റെ പരിസരങ്ങളിലും ക്രിമിനലുകൾ തമ്പടിക്കുന്നത് രാത്രി യാത്രക്കാർക്ക് ഭീഷണിയാകുന്നു. രാത്രി സ്ത്രീകൾക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി ടെർമിനൽ. ഒറ്റക്കാണ് യാത്രയെങ്കിൽ പിന്നെ പറയേണ്ടതില്ല. ആവശ്യത്തിന് ബസുകളില്ലാത്തതിനാൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതും സാമൂഹിക ദ്രോഹികൾക്ക് ഉപകാരമാവുകയാണ്. രാത്രി ബസിറങ്ങി ഓട്ടോ കാത്ത് മിനിറ്റുകൾ നിന്നാൽ പോലും സ്ത്രീകൾക്ക് ചുറ്റും ആണുങ്ങൾ വളയുന്ന നഗരമായി കോഴിക്കോട് മാറി. ഇതിൽ ഭൂരിപക്ഷവും മദ്യപിച്ചവരാണ്. ദൂരദേശങ്ങളിൽ നിന്നെത്തി അർധരാത്രി വണ്ടികളിൽ കറങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതിനെല്ലാം തടയിടേണ്ട പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ല. പോക്കറ്റടിക്കാരുടെ ശല്യവും കൂടി.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ തൊട്ടിൽപ്പാലം ബസിൽ കയറിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ യുവാവ് സ്ഥിരമായി കെ.എസ്.ആർ.ടി.സി ടെർമിനലിലും സമീപത്തും കറങ്ങി നടക്കുന്നയാളാണ്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ചുണ്ടായ സംഭവത്തിൽ പതറാതെ പ്രതികരിച്ച യുവതി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച പ്രതി റിമാൻഡിലാണ്. ഒറ്റക്ക് ബസിൽ കയറുന്ന സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്യുന്നവർ ടെർമിനലിന് സമീപമുണ്ട്. നടക്കാവ് പൊലീസിന്‍റെ എയ്ഡ്പോസ്റ്റ് ഇവിടെയുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ അനാവശ്യമായി കറങ്ങി നടക്കുന്നവരെ പൊലീസ് ഓടിച്ചുവിടാറുണ്ട്. കെ.എസ്.ആർ.ടി.സി ടെർമിനലിലെത്തുന്നവരെ ഇതുപോലെ കൈകാര്യം ചെയ്യാൻ പ്രായോഗികമായി കഴിയില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ, മദ്യപാനികളടക്കമുള്ളവരെ കൃത്യമായി ചോദ്യം ചെയ്ത് ശല്യക്കാരെ കണ്ടെത്താനാകുമെന്നാണ് യാത്രക്കാരുടെ പക്ഷം. തൊട്ടിൽപാലത്തേക്കുള്ള ബസിൽ സ്ത്രീകൾക്കെതിരായി ഒരു മാസം മുമ്പും അതിക്രമം നടന്നിരുന്നു.
അടുത്തിടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് പുറത്ത് രാത്രി 11.45ന് ഭർത്താവിനെ കാത്തുനിന്ന മറ്റൊരു മാധ്യമപ്രവർത്തകക്കും ദുരനുഭവമുണ്ടായിരുന്നു. ബസ് സ്റ്റാൻഡിലും പുറത്തും പത്തുമിനിറ്റിനിടെ പലവിധത്തിലുള്ള അപമാനമാണ് ഇവർ നേരിട്ടത്. മാധ്യമപ്രവർത്തകരായ സുഹൃത്തുക്കൾ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പിറ്റേന്ന് സിറ്റി പൊലീസ് മേധാവി എ. അക്ബറിനെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. എന്നാൽ, സാമൂഹിക വിരുദ്ധരും മദ്യപാനികളും കെ.എസ്.ആർ.ടി.സി പരിസരം മുതൽ പുതിയ സ്റ്റാൻഡ് ജങ്ഷൻ വരെ അഴിഞ്ഞാടുകയാണ്. ഇടറോഡുകളിലാണ് ശല്യം കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

