കഞ്ചാവുമായി ബസ് കണ്ടക്ടർ പിടിയിൽ
text_fieldsരൂപേഷ്
പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസും ചേർന്ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. എറണാകുളം പനങ്ങാട് കുമ്പളം സ്വദേശി ഓടൻതുള്ളിൽ വീട്ടിൽ രൂപേഷ് (31) ആണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് കഞ്ചാവ് വാങ്ങിയെത്തിച്ച്, താൻ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസിൽ സ്ഥിരം യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ പതിവെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
ഇയാൾക്ക് കഞ്ചാവ് നൽകിയവരെക്കുറിച്ചും ഇയാളിൽനിന്ന് വാങ്ങുന്നവരെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു. ആർ.പി.എഫ് സി.ഐ. സൂരജ് എസ്. കുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ കെ. നിഷാന്ത് എ.എസ്.ഐമാരായ സജി അഗസ്റ്റിൻ, കെ. സുനിൽ എന്നിവർ നേതൃത്വം നൽകി.

