കല്ലാച്ചിയിൽ വീടുകളിൽ മോഷണ ശ്രമം; പണം കവർന്നു
text_fieldsനാദാപുരം: കല്ലാച്ചി ടൗൺ പരിസരത്തും, കോടതി റോഡിലെ വീടുകളിലും, ക്വാർട്ടേസുകളിലും മോഷ്ടാവിന്റെ വിളയാട്ടം. കോടതി റോഡിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽനിന്ന് 15000 രൂപ കവർന്നു.
തൊഴിലാളികൾ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുൻ ഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കല്ലാച്ചി ടൗൺ പരിസരത്തെ തണ്ണിപന്തലിൽ രഞ്ജിത്തിന്റെ വീട്ടിൽമോഷണ ശ്രമം ഉണ്ടായി. വീടിന്റെ കുളിമുറി വാതിൽ വഴി അകത്ത് കയറിയ മോഷ്ടാവ് രഞ്ജിത്തിന്റെ ഭാര്യയുടെ സ്വർണമാല കവരാൻ ശ്രമം നടത്തി. ശബ്ദംകേട്ടുണർന്ന വീട്ടുകാർ ബഹളംവെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
വീട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സിം കാർഡ് വീട്ടുകാർ പൊലീസിന് കൈമാറി. ഇവിടെ ഫ്രിഡ്ജിലുണ്ടായിരുന്ന ഭക്ഷണം മോഷ്ടാവ് കഴിച്ചതായി വീട്ടുകാർ പറഞ്ഞു. കല്ലാച്ചി തെരുവൻപറമ്പ് റോഡിൽ താനിയുള്ളതിൽ ഹമീദിന്റെ വീട്ടിലെത്തിയ യുവാവ് വാഹനം കേടായെന്നും വാതിൽ തുറക്കണമെന്നും വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയ വീട്ടുകാർ അയൽവാസിയെ ഫോണിൽ വിവരം അറിയിച്ചു.
പന്തികേട് തോന്നിയ യുവാവ് ബൈക്കിൽ കടന്ന് കളയുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ നാദാപുരം പൊലീസ് വീടുകളിലും, ക്വാർട്ടേസുകളിലും പരിശോധന നടത്തി.