'കൂടുതൽ സ്ത്രീധനം രാഹുൽ ആവശ്യപ്പെട്ടു; കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദനം, ചാർജർ വയർ കഴുത്തിൽ മുറുക്കി'
text_fieldsകൊച്ചി: താൻ നേരിട്ടത് ക്രൂരമായ മര്ദനമാണെന്ന് കോഴിക്കോട് പന്തീരങ്കാവില് ഭർത്താവിന്റെ അതിക്രമത്തിന് ഇരയായ നവവധു. കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവ് രാഹുലിന്റെ മർദനം. ചാർജർ കേബിൾ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. കൊല്ലുമെന്ന് പറഞ്ഞ് മർദിച്ചു. അടിയേറ്റ് ബോധരഹിതയായി. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും യുവതി പറഞ്ഞു.
സ്ത്രീധനം കൂടുതൽ വേണമെന്ന് പറഞ്ഞതോടെയാണ് തർക്കമുണ്ടായത്. കല്യാണത്തിന് മുമ്പ് ഇക്കാര്യത്തിലെല്ലാം ധാരണയായതാണല്ലോയെന്ന് താൻ പറഞ്ഞെന്ന് യുവതി പറഞ്ഞു. ഇതോടെ മർദനം തുടങ്ങുകയായിരുന്നു. 12ന് പുലർച്ചെ ഒരു മണിയോടെയാണ് മർദനം തുടങ്ങിയത്. ആദ്യം കരണത്തടിച്ചു. പിന്നീട് കൈമടക്കി തലയിൽ ഇടിച്ചു. ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി. വാതിൽ തുറന്ന് ഓടാൻ ശ്രമിച്ചെങ്കിലും പിടിച്ച് മുറിയിൽ തന്നെ കിടത്തി. പിന്നീട് ബെൽറ്റ് കൊണ്ട് അടിച്ചു. അടിക്കിടെ എനിക്ക് ബാലൻസ് തെറ്റുന്നത് പോലെ തോന്നി. അപ്പോഴെല്ലാം ഉറക്കെ കരയുന്നുണ്ടായിരുന്നു. പിന്നീട് ബോധം പോയി. ബോധം വന്നപ്പോൾ ആശുപത്രിയിലായിരുന്നു -യുവതി പറഞ്ഞു.
വീട്ടുകാർ എത്തിയ ശേഷം ആശുപത്രിയിൽ കാണിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്. എന്നാൽ, പറഞ്ഞതിൽ പല പ്രധാന കാര്യങ്ങളും പൊലീസ് രേഖപ്പെടുത്തിയില്ല എന്നാണ് പിന്നീട് അറിഞ്ഞത്. സ്റ്റേഷനിൽ ഞങ്ങൾ എത്തുന്നതിന് മുന്നേ രാഹുൽ എത്തിയിരുന്നു. പൊലീസുകാരുമായി സുഹൃത്തുക്കളെ പോലെ ഇടപഴകുന്നത് കണ്ടതാണ്. ഇതെല്ലാം സ്വാഭാവികമാണെന്നായിരുന്നു സി.ഐ പറഞ്ഞത്. പൊലീസ് രാഹുലിന്റെ ഭാഗത്തുനിന്ന് സംസാരിക്കുന്നത് പോലെയാണ് തോന്നിയതെന്നും യുവതി പറഞ്ഞു.
പറവൂർ സ്വദേശിയായ യുവതിക്കാണ് കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളത്തെ ഭർതൃവീട്ടിൽ സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണത്താൽ ക്രൂരമായ ശാരീരിക മാനസിക പീഡനം നേരിടേണ്ടിവന്നത്. പന്തീരാങ്കാവ് പന്നിയൂർകുളം സ്നേഹതീരത്തിൽ രാഹുലുമായുള്ള ഇവരുടെ വിവാഹം കഴിഞ്ഞ അഞ്ചിനായിരുന്നു. പന്നിയൂർക്കുളം മാട്രിമോണിയൽ മുഖേന ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹിതരായത്. വിവാഹത്തിന്റെ ഏഴാംനാൾ അടുക്കളകാണൽ ചടങ്ങിന് പലഹാരങ്ങളും സമ്മാനങ്ങളുമായി 26 അംഗം സംഘം രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് ദേഹമാസകലം പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടത്.
കാര്യമന്വേഷിച്ച വീട്ടുകാരോട് ശൗചാലയത്തിൽ തെന്നിവീണെന്നാണ് പെൺകുട്ടി പറഞ്ഞത്. അങ്ങനെ പറയാൻ പെൺകുട്ടിയോട് രാഹുൽ ആവശ്യപ്പെട്ടിരുന്നെന്നും വിശദമായി ചോദിച്ചപ്പോഴാണ് ക്രൂരമർദനത്തിന്റെ കഥയറിഞ്ഞതെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. രാഹുൽ ബെൽറ്റ്കൊണ്ട് അടിച്ചെന്നും മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിച്ചെന്നും യുവതിയുടെ പിതാവ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാർ ചെല്ലുന്നതിന്റെ തലേന്നാണ് മർദനം ഉണ്ടായതെന്ന് പറയുന്നു.
പെൺകുട്ടിയെ ഫറോക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം 26 അംഗ സംഘം പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, പൊലീസ് ഇൻസ്പെക്ടറുടെ ഭാഗത്തുനിന്ന് മോശം ഇടപെടലാണ് ഉണ്ടായതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ഉച്ചക്ക് ഒന്നിന് സ്റ്റേഷനിലെത്തിയ ഇവർ രാത്രി ഏഴിനുശേഷമാണ് പറവൂരിലേക്ക് തിരിച്ചത്. തങ്ങൾ പറവൂരിലേക്ക് തിരിക്കുംമുമ്പേ രാഹുലിനെ സ്റ്റേഷനിൽനിന്ന് വിട്ടയച്ചെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. തുടർന്ന് പെൺകുട്ടിയുമായി പറവൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു.
ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറാണ് രാഹുൽ. തിരുവനന്തപുരത്ത് ഐ.ടി കമ്പനിയിൽ എൻജിനീയറാണ് യുവതി. അതേ സമയം, ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പന്തീരാങ്കാവ് പൊലീസ് അറിയിച്ചു.

