വയോധികരെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസ്; സഹോദരങ്ങള്‍ അറസ്റ്റില്‍
text_fieldsതോമസ്, മാത്യു
എടക്കര: വയോധികരായ സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. ചുങ്കത്തറ പൂക്കോട്ടുമണ്ണ അനാടത്തില്‍ തോമസ് (ജോമോന് 30), അനാടത്തില്‍ മാത്യു (ജയ്മോന് 28) എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ എട്ടോടെ എടക്കര മെട്രോ കോംപ്ലക്സിന്റെ മുകള്‍ നിലയില്‍ ക്ലീനിങ് ജോലി ചെയ്യുകയായിരുന്ന കാക്കപ്പരത കുന്നപ്പള്ളി ഖദീജയുടെ (55) മാല പൊട്ടിച്ച കേസിലും, ഉച്ചക്ക് ഒന്നരയോടെ ചുങ്കത്തറ കളക്കുന്നിലെ പുതുക്കോടന്‍ ലീലയുടെ (75) മാല പൊട്ടിച്ച കേസിലുമാണ് സഹോദരങ്ങളായ പ്രതികള്‍ അറസ്റ്റിലായത്.
ലീലയുടെ മാല മഞ്ചേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 62000 രൂപക്ക് പണയം വെച്ച ശേഷം ചുങ്കത്തറയിലേക്ക് വരുന്ന വഴിയാണ് തോമസ് പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലില്‍ സഹോദരന് മാത്യുവിന്റെ പങ്കും വ്യക്തമായി. പോത്തുകല്‍ വെള്ളിമുറ്റം സ്വദേശി അജ്മല്‍ എന്ന സുഹൃത്ത് മുഖാന്തിരം അരുണ്‍ എന്നയാളുടെ ബൈക്കാണ് മോഷണം നടത്താന്‍ ഉപയോഗിച്ചത്. മോഷണം നടത്തിയ ശേഷം താഴെ കാത്തുനിന്ന അനിയന്റെ ബൈക്കില്‍ കയറി രക്ഷപെടുകയുമായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പൊലീസ് എത്തി അന്വേഷണം നടത്തി. ഖദീജ ധരിച്ചിരുന്നത് മുക്കുപണ്ടമായിരുന്നു. സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ചുങ്കത്തറയിലെ പിടിച്ചുപറി. തുടര്‍ന്നാണ് ഇയാള്‍ മാല വില്‍ക്കാനായി മഞ്ചേരിയിലേക്ക് പോയത്. ഒന്നാം പ്രതി തോമസ് റെയിൽവേ പൊലീസിന്റെ 12 കിലോ കഞ്ചാവ് കേസില്‍ വിചാരണ നേരിടുന്നയാളാണ്. രാസലഹരി കേസില്‍ പോത്തുകല്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. എസ്.ഐമാരായ പി. ജയകൃഷ്ണന്, എം. അസൈനാര്‍, എ.ആര്. അജിത്കുമാര്‍, എസ്. സതീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്രമാരായ വി. അനൂപ്, വിജിത, സജീവന്, നിഷാദ്, അഖില്‍, സി.പി.ഒമാരായ കൃഷ്ണദാസ്, അനീഷ് തോമസ്, സുബീഷ്, ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, നിബിന്‍ദാസ്, ആസിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

