നഗരത്തെ നടുക്കി കവർച്ച; പട്ടാപ്പകൽ വീട്ടിൽ കയറി കത്തി കാട്ടി സ്വർണവും പണവും കവർന്നു
text_fieldsഉനൈസ്, ഷഹീബ്, ഇബ്ഹാൻ, മുഹമ്മദ് സനൂദ്
കോഴിക്കോട്: നഗരത്തിൽ വാടകക്ക് താമസിക്കുന്ന ദമ്പതികളുടെ വീട്ടിൽ യുവാക്കൾ അതിക്രമിച്ചുകയറി സ്വർണവും പണവും കവർന്ന കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. പൊറ്റമ്മലിൽ സി.ബി ഹൗസിൽ ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. കക്കട്ടിൽ സ്വദേശിനി വിദ്യയും ഭർത്താവ് വേണുവും താമസിക്കുന്ന വീട്ടിലാണ് കവർച്ച.
കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും മോതിരവും അര ലക്ഷത്തോളം രൂപയും കവർന്ന പ്രതികൾ യുവതിയുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തി ഗൂഗിൾ പേ ആപ്പിന്റെ പാസ്വേർഡ് വാങ്ങി അമ്പതിനായിരം രൂപ മറ്റൊരു നമ്പറിലേക്ക് അയക്കുകയും ചെയ്തുവെന്നാണ് പരാതി.
യുവതിയുടെ പരാതിയിൽ മെഡി. കോളജ് പൊലീസ് അന്വേഷണം നടത്തി 24 മണിക്കൂറിനകം നാല് പ്രതികളെയും പിടികൂടി. നടക്കാവ് പണിക്കർ റോഡ് സ്വദേശി ഇമ്പിച്ചാലി വീട്ടിൽ ഉനൈസ് (25), പൊക്കുന്ന് സ്വദേശികളായ മനാഫ് ഹൗസിൽ മുഹമ്മദ് സനൂദ് (20), മനന്ത്രാവിൽ പാടം വീട്ടിൽ ഇബ്ഹാൻ (21), ഇരിങ്ങല്ലൂർ കുഴിയിൽ വീട്ടിൽ ഷഹീബ് (39) എന്നിവരാണ് അറസ്റ്റിലായത്.
സംഭവം നടന്ന വീടിന്റെ സമീപ പ്രദേശങ്ങളിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മെഡി. കോളജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അരുൺ, അമൽ ജോയ്, അനിൽ കുമാർ, അസി. സബ് ഇൻസ്പെക്ടർ ഫിറോസ്, സി.പി.ഒ ജിതിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

