പോസ്റ്റ് ഓഫിസിന്റെ പൂട്ട് തകര്‍ത്ത് പണം കവർന്നയാൾ പിടിയിൽ
text_fieldsസനോജ്
കോട്ടയം: തലയോലപ്പറമ്പ് പോസ്റ്റ് ഓഫിസിന്റെ പൂട്ട് തകര്‍ത്ത് പണം മോഷ്ടിച്ച അന്തർ ജില്ല മോഷ്ടാവ് പിടിയിൽ. കൊല്ലം സ്വദേശി കരവാളൂർ വട്ടമൺ സജി മന്ദിരത്തിൽ സനോജ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിൽ പോസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്തെ ഓഫിസ് വാതിലിന്റെ പൂട്ട് തകര്‍ത്ത് ഓഫിസിനുള്ളില്‍ കയറി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 16,300 രൂപ മോഷ്ടിച്ച കേസിലെ പ്രതിയാണിയാൾ. മോഷണം നടന്ന സ്ഥലത്തുനിന്ന് കിട്ടിയ പ്രിന്റ് പരിശോധിച്ച് ഫിംഗർ പ്രിന്റ് ബ്യൂറോയിൽനിന്ന് കിട്ടിയ റിപ്പോർട്ടിൽ പ്രതിയെ തിരിച്ചറിയുകയും പ്രതിയുടെ ഫോട്ടോ വാട്ട്സ്ആപ്പിലൂടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചക്കുശേഷം പ്രതി തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിന് മുൻവശത്ത് നിൽക്കുന്നതുകണ്ട് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതി പുനലൂർ, അഞ്ചൽ, പാലോട്, ചടയമംഗലം എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഒമ്പത് മോഷണക്കേസിൽ പ്രതിയാണ്.