ജയിലില്‍ പോകാന്‍ ആശുപത്രിയില്‍ പരാക്രമം; യുവാവ് അറസ്റ്റില്‍
text_fieldsഅടിമാലി: ജയിലില്‍ പോകാന്‍ അടിമാലി താലൂക്ക് ആശുപത്രിയിൽ രോഗിയുടെ പരാക്രമം. ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തി. തുടർന്ന്, യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.അടിമാലി സ്വദേശി പാറേക്കാട്ടില്‍ നിഷാദാണ് ചൊവ്വാഴ്ച അടിമാലി താലൂക്ക് ആശുപത്രിയിൽ പരാക്രമം നടത്തിയത്. ഇയാൾ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തന്നെ ജയിലിലേക്ക് കൊണ്ടുപോകാന്‍ രണ്ടുദിവസമായി മറ്റ് രോഗികളോടും ആശുപത്രി ജീവനക്കാരോടും നിഷാദ് ആവശ്യപ്പെട്ടിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ തിങ്കളാഴ്ച രാത്രി വാര്‍ഡില്‍വെച്ച് അക്രമാസക്തനായി. തുടർന്ന്, പൊലീസ് എത്തി കൊണ്ടുപോയിരുന്നു. എന്നാല്‍, ചൊവ്വാഴ്ച രാവിലെ ഇരുമ്പുവടിയുമായി എത്തിയ നിഷാദ് ആശുപത്രിയില്‍ പരാക്രമം നടത്തുകയായിരുന്നു. ജീവനക്കാരെയും രോഗികളെയും ആക്രമിക്കുകയും ഒ.പിയിലെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
ലഹരി മരുന്നിന് അടിമയാണ് നിഷാദ് എന്നുപറയുന്നു.ഒരുമാസം മുമ്പ് മറ്റൊരാള്‍ നിഷാദിെൻറ കാല് ഇഷ്ടികകൊണ്ട് അടിച്ച് ഒടിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ അരമണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്കരിച്ചു.

