ഹോംവർക്ക് ചെയ്തില്ല; ഏഴുവയസുകാരനെ കയറിൽ തലകീഴായി കെട്ടിത്തൂക്കിയ സ്കൂൾ പ്രിൻസിപ്പലിനും ജീവനക്കാരനുമെതിരെ കേസ്
text_fieldsഏഴുവയസുള്ള മകനെ അടുത്തിടെയാണ് ജാട്ടൽ റോഡിലുള്ള സ്വകാര്യ സ്കൂളിൽ ചേർത്തതെന്നാണ് അമ്മ പറയുന്നത്. സ്കൂൾ ഡ്രൈവറാണ് കുട്ടിയെ കയറുകൊണ്ട് കെട്ടി തലകീഴായി കെട്ടിത്തൂക്കിയിരിക്കുന്നത്. ഡ്രൈവറെ വിളിച്ചുവരുത്തിയത് സ്കൂൾ പ്രിൻസിപ്പൽ ആണെന്നും അമ്മ ആരോപിക്കുന്നു. ഡ്രൈവർ അജയ് തന്നെയാണ് കുട്ടിയെ കെട്ടിത്തൂക്കുന്ന വിഡിയോ ഫോണിൽ ചിത്രീകരിച്ചത്. പിന്നീടത് സുഹൃത്തുക്കൾക്ക് അയക്കുകയായിരുന്നു. അത് കറങ്ങിത്തിരിഞ്ഞ് ഒടുവിൽ കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് കിട്ടുകയും ചെയ്തു. ഇയാൾ കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്യുന്നുണ്ട്.
പ്രിൻസിപ്പൽ റീന സഹപാഠികളുടെ മുന്നിൽ വെച്ച് കുറച്ചു കുട്ടികളുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് രണ്ടാമത്തെ വിഡിയോയിലുള്ളത്. എന്നാൽ തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് പിന്നീട് പ്രിൻസിപ്പൽ രംഗത്തുവന്നു. കുട്ടികൾ രണ്ട് പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും അവർക്ക് ശിക്ഷ നൽകുന്നതിന് മുമ്പ് മാതാപിതാക്കളോട് പറഞ്ഞിരുന്നുവെന്നുമാണ് അവരുടെ വാദം.
സ്കൂളിൽ ശിക്ഷയായി കുട്ടികളെ കൊണ്ട് ടോയ്‍ലറ്റ് വൃത്തിയാക്കിപ്പിക്കാറുണ്ടെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്തുവന്നിട്ടുണ്ട്.
വിഡിയോദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രിൻസിപ്പലിനും ഡ്രൈവർക്കുമെതിരെ കേസെടുത്തു. ചോദ്യം ചെയ്യലിനിടെ കുട്ടിയെ ശകാരിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ട കാര്യം പ്രിൻസിപ്പൽ സമ്മതിച്ചു.
ഡ്രൈവറുടെ പെരുമാറ്റത്തെ കുറിച്ചുള്ള പരാതികൾ കാരണം ആഗസ്റ്റിൽ അയാളെ പിരിച്ചുവിട്ടതായും റീന വ്യക്തമാക്കി. പരാതി നൽകിയ ശേഷം അജയ് വീട്ടിലേക്ക് ആളുകളെ അയച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. ഞെട്ടിക്കുന്ന വിഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ഹരിയാനയിലെ സ്വകാര്യ സ്കൂളുകളിലെ സുരക്ഷയെ കുറിച്ച് ആശങ്കയുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

