കടം വാങ്ങിയ പണം തിരികെ നൽകിയില്ല: യുവാവിനെ മർദിച്ചവരെ അറസ്റ്റ് ചെയ്തു
text_fieldsഅറസ്റ്റിലായ പ്രതികൾ
കുന്ദമംഗലം: കടം വാങ്ങിയ പണം തിരികെ നൽകാതിരുന്ന യുവാവിനെ മർദിച്ച മൂന്നുപേരെയും കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷാനിദ് (37) എന്ന മുക്കം സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. സഞ്ജയ് എന്ന സുഹൃത്തും മറ്റ് രണ്ടുപേരുമാണ് ഷാനിദിനെ മർദിച്ചത്. തലക്കും മറ്റും പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിലാണ്. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് രണ്ട് ടീം ആയി അന്വേഷണം നടത്തുകയും മുഴുവൻ പ്രതികളെയും പിടികൂടുകയും ചെയ്തു.
സഞ്ജയ് (24) ആലുള്ളകണ്ടിയിൽ കുന്ദമംഗലം, അതുൽ (23) മേലെ കൂമുള്ളകുഴിയിൽ കുന്ദമംഗലം, രോഹിത് (22) നന്ദനം മണാശ്ശേരി എന്നിവരാണ് അറസ്റ്റിലായവർ. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ഐ.പി.സി 307, 365, 324 തുടങ്ങിയ നിരവധി വകുപ്പുകളാണ് അറസ്റ്റിലായവർക്കെതിരെ എടുത്തതെന്ന് കുന്ദമംഗലം എസ്.എച്ച്.ഒ കെ. ശ്രീകുമാർ പറഞ്ഞു. എസ്.ഐമാരായ അഷ്റഫ്, അഭിലാഷ്, അനീഷ് എന്നിവരും എസ്.സി.പി.ഒമാരായ ബിജു, ഗോപാലകൃഷ്ണൻ, സി.പി.ഒ അജീഷ് എന്നിവരുമാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നവർ.