2011ലെ സ്ഫോടനക്കേസിൽ 65കാരന് ജാമ്യം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ 2011ൽ മൂന്ന് സ്ഥലങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 27പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബീഹാർ സ്വദേശി കഫീൽ അഹമ്മദ് മുഹമ്മദ് അയൂബിന് (65) ബോംബെ ഹൈകോടതി ജാമ്യം നൽകി. ജസ്റ്റിസുമാരായ അജയ് ഗഡ്കരി, ആർ.ആർ. ഭോൺസാലെ എന്നിവരുടെ ബെഞ്ചാണ് ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ ജാമ്യം അനുവദിച്ചത്. 13 വർഷമായി അയൂബ് ജയിലിലാണ്.
2022ൽ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരായ അപ്പീലിലാണ് ഹൈകോടതി വിധി. 2011 ജൂലൈ 13ന് ജവേരി ബസാർ, ഒപേര ഹൗസ്, ദാദർ കബുതർഖാന എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്. ഇന്ത്യൻ മുജാഹിദീനാണ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതെന്നും സ്ഥാപക നേതാവ് യാസിൻ ഭട്കലിന്റെ അടുത്തയാളാണ് യാകൂബെന്നുമാണ് എ.ടി.എസിന്റെ ആരോപണം.
ബയോമെട്രിക് അറ്റൻഡൻസ് ഗുണകരം -സുപ്രീംകോടതി
ന്യൂഡൽഹി: ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം ബന്ധപ്പെട്ട എല്ലാവർക്കും ഗുണകരമാണെന്നും ജീവനക്കാരുമായി കൂടിയാലോചന നടത്തിയില്ലെന്ന ഒറ്റക്കാരണത്താൽ അതു നിയമവിരുദ്ധമാകില്ലെന്നും സുപ്രീംകോടതി. ഒഡിഷയിൽ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ കാര്യാലയത്തിൽ ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം (ബി.എ.എസ്) ഏർപ്പെടുത്തിയ നടപടി സുപ്രീംകോടതി ശരിവെച്ചു.
ബി.എ.എസ് ഏർപ്പെടുത്തിയ നടപടിക്കെതിരായ ഒഡിഷ ഹൈകോടതി വിധി ജസ്റ്റിസുമാരായ പങ്കജ് മിത്തലും പ്രസന്ന വി. വരാലെയും അടങ്ങിയ ബെഞ്ച് റദ്ദാക്കി. ജീവനക്കാർക്ക് എതിർപ്പില്ലാത്ത സാഹചര്യത്തിൽ തർക്കവും വിവാദവും നിലവിലില്ലെന്നും ബി.എ.എസുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.
സഞ്ജിത്ത് വധം: വിചാരണ തുടരാം
ന്യൂഡൽഹി: പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് വിചാരണനടപടികൾ തുടരാമെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേസിലെ സാക്ഷി വിസ്താരം തുടങ്ങിയതായി സംസ്ഥാന സർക്കാർ അറിയിച്ചതോടെയാണ് വിചാരണ തുടരാമെന്ന് കോടതി വ്യക്തമാക്കിയത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് സഞ്ജിത്തിന്റെ അമ്മ സുപ്രീംകോടതിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

